കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷൻ ചിറക്കൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരത പദ്ധതിയായ 'ചങ്ങാതി' പദ്ധതിയിൽ പഠിതാക്കളായി 563 പേർ. സർവേയിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. ക്ലാസുകളുടെ ഉദ്ഘാടനം 11ന് രണ്ട് മണിക്ക് കാട്ടാമ്പള്ളി സ്‌കൂളിൽ നടക്കും. ചിറക്കൽ പഞ്ചായത്തിൽ 777 ഇതര സംസ്ഥാന തൊഴിലാളികളെയാണ് സർവേയിലൂടെ കണ്ടെത്തിയത്. ഇവരിൽ 611 (78.6 ശതമാനം) പുരുഷന്മാരും 166 (21.36 ശതമാനം) സ്ത്രീകളുമാണ്. ഇതിൽ 605 പുരുഷന്മാരും 160 സ്ത്രീകളും പഞ്ചായത്തിൽ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. ആകെയുള്ള 777 പേരിൽ 607 പേരും (78.83ശതമാനം) ഹിന്ദിയോ മലയാളമോ എഴുതാനും വായിക്കാനും അറിയാത്തവരുമാണ്. മലയാളം പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ച 563 പേർക്കാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത്. കണ്ടെത്തിയവരിൽ 233 പേർ തമിഴ്നാട് സ്വദേശികളും 182 പേർ ഒഡിഷയിൽ നിന്നുള്ളവരും 12 പേർ ആന്ധ്ര സ്വദേശികളും 79 പേർ അസമിൽ നിന്നുള്ളവരും 62 പേർ ബിഹാറിൽ നിന്നുള്ളവരും 56 പേർ ഉത്തർപ്രദേശുകാരും 88 പേർ ബംഗാളിൽ നിന്നുള്ളവരും 15 മധ്യപ്രദേശുകാരും 13 പേർ ഡൽഹിക്കാരും അഞ്ചു പേർ കർണാടകക്കാരും രണ്ടുപേർ പഞ്ചാബിൽനിന്നും ഒരാൾ വീതം ഗുജറാത്തിൽ നിന്നും പുതുച്ചേരിയിൽ നിന്നും ഉള്ളവരാണ്. കൂടാതെ അഞ്ചു നേപ്പാൾ സ്വദേശികളുമുണ്ട്. സർവേയിൽ കണ്ടെത്തിയ 291 പേർ (37.45 ശതമാനം) മാത്രമാണ് കുടുംബമായി താമസിക്കുന്നത്. 186 പേർ (24.15 ശതമാനം) ഇതുവരെ ഒരു സ്‌കൂളിലും പഠിക്കാത്തവരാണ്. നാലാം ക്ലാസിന് താഴെ വിദ്യാഭ്യാസമുള്ളവർ 83 ഉം ഏഴിൽ താഴെ വിദ്യാഭ്യാസമുള്ളവർ 170 ഉം പത്തിൽ താഴെ വിദ്യാഭ്യാസമുള്ളവർ 232 ഉം പത്തിന് മുകളിൽ പഠിച്ചവർ 99 പേരുമാണ്. ഹിന്ദി, മലയാളം ഭാഷകളിൽ നിരക്ഷരരായവരിൽ 24 പേർ 15ന് താഴെ പ്രായമുള്ളവരും 459 പേർ 15നും 40നും ഇടയിൽ പ്രായമുള്ളവരും 40ന് മുകളിൽ പ്രായമുള്ളത് 80 പേരുമാണ്. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് (115, 107) ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികളുള്ളത്. സാക്ഷരത മിഷൻ തയാറാക്കിയ ഹമാരി മലയാളം പാഠാവലിയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.