കണ്ണൂർ: മയ്യിൽ പഞ്ചായത്തിലെ തരിശുരഹിത നെൽകൃഷി വിപ്ലവം ഡോക്യുമെൻററിയാകുന്നു. നൂറുശതമാനം വയലുകളും നെൽകൃഷിക്കായി ഉപയോഗപ്പെടുത്തി സമ്പൂർണ നെൽകൃഷി പദ്ധതിയിലൂടെ രാജ്യത്തിന് മാതൃകയായ നേട്ടങ്ങളാണ് സംസ്ഥാന കാർഷികവകുപ്പ് 'നെന്മകം' എന്ന പേരിൽ ഡോക്യുമെൻററിയാക്കുന്നത്. കണ്ണൂർ പി.ആർ.ഡി ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ മിർ മുഹമ്മദലി ഡോക്യുമെൻററി സ്വിച്ച്ഓൺ നിർവഹിച്ചു. 25 പാടശേഖരങ്ങളിലായി 1457 ഏക്കറിലാണ് മയ്യിൽ പഞ്ചായത്തിൽ നെൽകൃഷിയിറക്കിയത്. പുതുതായി 780 ഏക്കർ സ്ഥലം കൃഷിക്ക് പ്രയോജനപ്പെടുത്തി. സമ്പൂർണ നെൽകൃഷിയെന്നതിനപ്പുറം ഉൽപാദനക്ഷമതയിലും യന്ത്രവത്കരണത്തിലും കൈവരിച്ച സമാനതകളില്ലാത്ത വിജയഗാഥയാണ് ഡോക്യുമെൻററിയുടെ പ്രമേയം. കേരളത്തിലെ ഉയർന്ന രണ്ടാമത്തെ ഉൽപാദനക്ഷമതയാണ് മയ്യിൽ കൈവരിച്ചത്. ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ, സമ്പൂർണയന്ത്രവത്കരണം എന്നിവയാണ് മയ്യിലിലെ ജനകീയ സംഘകൃഷിയുടെ മുഖ്യസവിശേഷത. സംസ്ഥാനവ്യാപകമായി ഹരിതകേരളം മിഷനിൽ മയ്യിലിലെ ജനകീയ കൃഷി കാമ്പയിൻ മോഡലായി അവതരിപ്പിക്കുന്നതിെൻറ കൂടി ഭാഗമായാണ് ഡോക്യുമെൻററി. നിലമൊരുക്കൽ, ഞാറ്റടി, നടീൽ, കൊയ്ത്ത്, മെതി, സംസ്‌കരണം എന്നിങ്ങനെ മുഴുവൻ പ്രവൃത്തിയിലും സമ്പൂർണ യന്ത്രവത്കരണം നടപ്പാക്കിയത് ഇതാദ്യമാണ്. ഒപ്പം കർഷകരിൽനിന്ന് നേരിട്ട് ഉയർന്ന വിലയ്ക്ക് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് പ്രാദേശികമായി വിപണനവും ഉറപ്പാക്കി. ഇതിനായി കർഷക ഉടമസ്ഥതയിൽ മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും ആരംഭിച്ചു. ഒരുകോടി രൂപയാണ് കമ്പനിയുടെ ആദ്യവർഷത്തെ ടേൺഓവർ. മയ്യിൽ സമൃദ്ധി റൈസ് എന്ന ബ്രാൻഡ് നെയിമിലാണ് ഇതിെൻറ വിപണനം. സ്വിച്ച്ഒാൺ ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ബാലൻ അധ്യക്ഷതവഹിച്ചു. മയ്യിൽ കൃഷി ഓഫിസർ പി.കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. അനിൽ ഒഡേസയാണ് ഡോക്യുമെൻററിയുടെ സംവിധാനവും കാമറയും നിർവഹിക്കുന്നത്. പി.പി. സതീഷ്കുമാറാണ് രചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.