സത്യസന്ധത കണ്ണികോർത്തു; കോമളവല്ലിക്ക്​ മാല തിരിച്ചുകിട്ടി

കണ്ണൂർ: ട്രെയിൻ യാത്രക്കിടെ കാണാതായ മാല തിരിച്ചുകിട്ടിയതിന് കോമളവല്ലി നന്ദി പറയുന്നത് രണ്ടുപേരോടാണ്. കോഴിക്കോട്ടുകാരിയായ അപർണയോടും റെയിൽവേയോടും. അപർണയുടെ സത്യസന്ധതയും െറയിൽവേ ഉദ്യോഗസ്ഥരുടെ പരിശ്രമവും ഒത്തുചേർന്നപ്പോൾ കോമളവല്ലിക്ക് മാലയോടൊപ്പം സന്തോഷവും തിരിച്ചുകിട്ടി. കഴിഞ്ഞ മാസം 31ന് യശ്വന്ത്പൂരിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് കോഴിക്കോട് മൂഴിക്കൽ സ്വദേശിനിയും ബംഗളൂരുവിൽ ഒാൺലൈൻ ഹെൽത്ത് കെയർ ജീവനക്കാരിയുമായ അപർണ എഴുന്നമണ്ണിലിന് എസ് 4 കോച്ചിൽനിന്ന് സ്വർണമാല കിട്ടിയത്. ഉടമയെ കണ്ടെത്താൻ കഴിയാതെ ഇവർ മാല ട്രെയിനിലെ ടിക്കറ്റ് പരിശോധകൻ പ്രഫുല്ല ചന്ദ്രമണി ദോഗ്റേയ്ക്ക് കൈമാറി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ ടി.ടി.ഇ റെയിൽവേ സ്റ്റേഷൻ അധികൃതരെ സ്വർണമാല ഏൽപിച്ചു. തുടർന്ന്, റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) എം. കൃഷ്ണ​െൻറ നേതൃത്വത്തിൽ സ്വർണമാലയുടെ ഉടമസ്ഥയെ കണ്ടെത്താൻ ശ്രമം തുടങ്ങി. അന്ന് എസ് 4 കോച്ചിൽ യാത്ര ചെയ്ത ആളുകളുടെ പി.എൻ.ആർ നമ്പർ പരിശോധിച്ചതിലൂടെ അന്വേഷണം നിലമ്പൂർ സ്വദേശിനി കോമളവല്ലിയിലേക്കെത്തി. തുടർന്നുള്ള അന്വേഷണത്തിൽ മാല ഇവരുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ, കോമളവല്ലിയുടെ ബന്ധുക്കൾ മാല നഷ്ടപ്പെട്ടതായി നിലമ്പൂർ പൊലീസിൽ പരാതി നൽകാൻ ചെന്നിരുന്നു. എന്നാൽ, കോമളവല്ലി നേരിെട്ടത്തി പരാതി നൽകണമെന്നാണ് പൊലീസ് അറിയിച്ചത്. കഴിഞ്ഞദിവസം കോമളവല്ലിയെയും കൂട്ടി പരാതി നൽകാനുള്ള ഒരുക്കത്തിനിടെയാണ് മാല ലഭിച്ചതായി കണ്ണൂരിൽനിന്ന് വിവരമെത്തിയത്. തുടർന്ന് ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ കോമളവല്ലിയും ബന്ധുക്കളും റെയിൽവേ സ്റ്റേഷൻ മാേനജർ എം. ശ്രീനിവാസൻ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ എ. ജയകൃഷ്ണൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എം. കൃഷ്ണൻ, കാറ്ററിങ് ഇൻസ്പെക്ടർ വേണുഗോപാൽ, ചീഫ് ടിക്കറ്റ് എക്സാമിനർമാരായ മുരളീധരൻ, രമേശൻ എന്നിവരുടെ സാന്നിധ്യത്തിൽ മാല കൈപ്പറ്റി. സ്വർണമാല റെയിൽവേ അധികൃതരെ ഏൽപിച്ച അപർണയെ ഫോണിൽ വിളിച്ച് നന്ദി അറിയിക്കാനും കോമളവല്ലി മറന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.