എൻഡോസൾഫാൻ ഇരകളുടെ സമരത്തിനെതിരെ നിഗൂഢ നീക്കങ്ങൾ നടക്കുന്നു --ഡോ. അംബികാസുതൻ മാങ്ങാട് കാസർകോട്: എൻഡോസൾഫാൻ ഇരകളുടെ സമരത്തിനെതിരെ നിഗൂഢമായ നീക്കങ്ങൾ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. അംബികാസുതൻ മാങ്ങാട്. 'മാധ്യമം' ആഴ്ചപ്പതിപ്പിെൻറ പുതിയ ലക്കത്തിൽ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ച എൻഡോസൾഫാൻ ഇരയും സമരനായികയുമായ മുനീസ അമ്പലത്തറയുടെ വെളിപ്പെടുത്തലിനെ അധികരിച്ച് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ ആഭിമുഖ്യത്തിൽ അമ്പലത്തറ സ്നേഹവീട്ടിൽ സംഘടിപ്പിച്ച വായനാസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ തയാറാക്കിയ ദുരിതബാധിതരുടെ പട്ടികയിൽനിന്ന് ആളുകളെ വെട്ടിനീക്കുന്നത് ഇതിെൻറ ഭാഗമാണ്. ഇത്തരം നീക്കങ്ങൾ അണിയറയിൽ നടക്കുമ്പോൾ അത് തുറന്നുകാട്ടാനുള്ള നല്ല ശ്രമങ്ങളായി 'മാധ്യമം' ആഴ്ചപ്പതിപ്പിലെ ഈ വെളിപ്പെടുത്തലിനെ കാണാമെന്ന് അദ്ദേഹം പറഞ്ഞു. മുനീസ അമ്പലത്തറയുടെ പിതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ എം. ഹസൈനാർ ഡോ. അംബികാസുതനിൽനിന്ന് ആഴ്ചപ്പതിപ്പിെൻറ പ്രതി ഏറ്റുവാങ്ങി. പി. മുരളീധരൻ, സി. ജയ, ബി. കൃഷ്ണകുമാർ, എ.വി. നാരായണൻ, അബ്ദുൽഖാദർ ചട്ടഞ്ചാൽ, അമ്പലത്തറ നാരായണൻ, ഷാജി, ടി. ശോഭന, സിബി മാത്യു, അഷ്റഫ്, സി.ആർ. ഉമേഷ് എന്നിവർ സംസാരിച്ചു. എൻഡോസൾഫാൻ ഇരകളുടെ ബന്ധുക്കൾ അടക്കം നിരവധിപേർ പങ്കെടുത്തു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.