കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനം ബുധനാഴ്ച മുതൽ കണ്ണൂരിൽ നടക്കും. 'ഉണരട്ടെ പൊതു വിദ്യാഭ്യാസം, ഉയരെട്ട മതേതരത്വം, വളരട്ടെ മാനവികത' എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാന സമ്മേളനം. പയ്യന്നൂരിൽ നിന്ന് ബുധനാഴ്ച ആരംഭിക്കുന്ന കൊടിമര ജാഥയും തലശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന പതാകജാഥയും വൈകീട്ട് നാലിന് സ്റ്റേഡിയം കോർണറിൽ സംഗമിക്കും. തുടർന്ന് നൂറുകണക്കിന് അധ്യാപികമാർ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. വിളംബര ജാഥ അഞ്ചിന് നഗരം ചുറ്റി സ്റ്റേഡിയത്തിൽ സമാപിക്കും. ഫെബ്രുവരി എട്ടിന് രാവിലെ സാധു കല്യാണ മണ്ഡപത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനും വനിത സമ്മേളനം മഹിള കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹസീന സയ്യദും ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് സാധു കല്യാണമണ്ഡപത്തിൽനിന്ന് അധ്യാപക പ്രകടനം ആരംഭിക്കും. തുടർന്നു സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയും സമാപന സമ്മേളനം കെ. മുരളീധരൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സതീശൻ പാച്ചേനി, സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ, സംസ്ഥാന ട്രഷറർ എ.കെ. അബ്ദുൽ സമദ്, ടി.കെ. എവുജിൻ, കെ.സി. രാജൻ, ഗീത കൊമ്മേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.