ഉരുവച്ചാൽ: കുട്ടികളെ തട്ടിക്കൊണ്ടുപോവാൻ ശ്രമമുണ്ടായെന്ന് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് മട്ടന്നൂർ സി.ഐ എ.വി. ജോൺ. വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെയും ഗ്രൂപ് അഡ്മിെൻറ പേരിലും കേസെടുക്കും. വിദ്യാർഥികളുടെ ഭയം മാറ്റാൻ സ്കൂളുകളിലും മദ്റസകളിലും ബോധവത്കരണ ക്ലാസ് നടത്തണം. ഉരുവച്ചാൽ, പഴശ്ശി, കയനി പ്രദേശങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോവാൻ ശ്രമമുണ്ടായെന്ന പരാതിയുയർന്നതോടെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. വ്യാജ മെസേജ് അയക്കുന്നവർ പൊലീസിെൻറ വലയിൽ വീഴുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോവാൻ ശ്രമം നടന്നതായി വാട്സ് ആപ്പിൽ പ്രചാരണമുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് കയനിയിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്ന സംശയത്തെതുടർന്ന് ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇതിന് പിന്നാലെ ഉരുവച്ചാലിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെ മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ ആൾ തട്ടിക്കൊണ്ടുപോവാൻ ശ്രമം നടന്നെന്ന് പരാതിയുയർന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംഭവത്തിന് പിന്നാലെയാണ് വ്യാപകമായി വ്യാജ പ്രചാരണം വാട്സ് ആപ് വഴി ഉണ്ടായത്. തില്ലങ്കേരിയിൽനിന്ന് ഗുഡ്സ് ഓട്ടോയിൽ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നും ഗുഡ്സ് ഓട്ടോ കാണുന്നവർ തടയണമെന്നുമായിരുന്നു ഒരു സന്ദേശം. സന്ദേശം ലഭിച്ചവർ മുക്കിലും ടൗണിൽനിന്നുമായി ഗുഡ്സ് ഓട്ടോ തടഞ്ഞ് പരിശോധിച്ചു. പിറ്റേ ദിവസം ശിവപുരത്ത് വിദ്യാർഥിയെ കറുത്ത കാറിൽ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്ന സന്ദേശം വാട്സ് ആപ്പിൽ പ്രചരിച്ചു. കയനിയിൽ പിക് അപ് ജീപ്പിൽ വിദ്യാർഥിയെ കയറ്റിക്കൊണ്ടുപോവാൻ ശ്രമം നടന്നതായും വ്യാജ പ്രചാരണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.