പയ്യന്നൂര്‍: കണ്ടങ്കാളി പുഞ്ചക്കാട്ട് പെട്രോളിയം സംഭരണശാല തുടങ്ങുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എൽ) സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ ടേംസ് ഓഫ് റഫറന്‍സ് സമര്‍പ്പിച്ച് അംഗീകാരം നേടി. സി. കൃഷ്ണൻ എം.എൽ.എയുടെ നിയമസഭയിലെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ സംഭരണശാലകള്‍ സ്ഥാപിക്കുന്നതിന് ഓയില്‍ ഇന്‍ഡസ്ട്രീസ് സേഫ്റ്റി ഡയറക്ടറേറ്റ്, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി ആവശ്യമാണ്. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സില്‍നിന്ന് സുരക്ഷ സംബന്ധിച്ച സൈറ്റ് അപ്രൈസലും ലഭിക്കണം. അതനുസരിച്ച് മാത്രമേ നിർമാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയുള്ളൂ. എന്നാല്‍, ഇതിന് കമ്പനി അപേക്ഷ നല്‍കിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂവുടമകളുടെ സമ്മതത്തോടെയും പരസ്പര ചര്‍ച്ചയിലൂടെയും മാത്രമേ നടപടി ഉണ്ടാവൂവെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ നിയമപ്രകാരമുള്ള പുനരധിവാസവും നഷ്ടപരിഹാരത്തിനുള്ള നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എണ്ണ സംഭരണശാല സ്ഥാപിക്കുന്നതു വഴിയുള്ള ഗുണങ്ങള്‍ കാണാതിരിക്കാനാവില്ലെന്നും നിർമാണ ജോലി മുഖേനയും അല്ലാതെയും തൊഴിലവസരങ്ങള്‍ വർധിക്കുമെന്നും മറുപടിയിൽ പറഞ്ഞു. സംഭരണശാല വരുന്നതുവഴി ആ ഭാഗത്ത് ഇന്ധന ലഭ്യത കൂടും. റോഡുകളിലൂടെയുള്ള ടാങ്കര്‍ ലോറികളുടെ സഞ്ചാരം ഗണ്യമായി കുറക്കാന്‍ കഴിയുമെന്നും രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.