തിരുമേനി-മുതുവം റോഡ്: ഗുണഭോക്താക്കളുടെ യോഗം ചേരുന്നു ചെറുപുഴ: തകര്‍ന്നുകിടക്കുന്ന ചെറുപുഴ-തിരുമേനി -മുതുവം റോഡിെൻറ ഗുണഭോക്താക്കളുടെ യോഗം ബുധനാഴ്ച നടക്കും. വൈകീട്ട് നാലിന് തിരുമേനി വ്യാപാരഭവനിലാണ് യോഗം ചേരുന്നത്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് മുള്ളന്‍മട നേതൃത്വം നല്‍കും. ചെറുപുഴ-തിരുമേനി റോഡില്‍ ചെറുപുഴ മുതല്‍ മഞ്ഞക്കാട് വരെയുള്ള ഭാഗം മലയോര ഹൈവേയുടെ ഭാഗമായി ഒരു ലെയര്‍ മെക്കാഡം ടാറിങ് ചെയ്തു. ബാക്കിയുള്ളതില്‍ ഒരു കിലോമീറ്ററോളം ദൂരം 15 ലക്ഷം രൂപ ചെലവില്‍ കുഴിയടച്ചു. മുളപ്ര മുതല്‍ മുതുവം വരെയുള്ള ആറര കിലോമീറ്ററോളം ഭാഗം ഗതാഗതയോഗ്യമല്ലാതായിട്ട് നാളുകളായി. കിഫ്ബി പദ്ധതിയിലാണ് റോഡ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മഴക്കാലത്തിനുമുമ്പ് പണിയാരംഭിക്കുമെന്ന് കരുതിയെങ്കിലും വിവിധ അനുമതികളുടെ കുരുക്കഴിക്കാന്‍ കഴിഞ്ഞില്ല. ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതിയെന്ന കടമ്പയില്‍ തട്ടിനില്‍ക്കുകയാണ് പദ്ധതി. സാങ്കേതികാനുമതിയും ടെന്‍ഡറും കഴിഞ്ഞാലേ പ്രവൃത്തിയാരംഭിക്കാന്‍ കഴിയൂ. നല്ല റോഡ് പ്രദേശത്തുകാരുടെ സ്വപ്നമായി അവശേഷിക്കുകയാണ്. 15 വര്‍ഷത്തോളമായി ഈ റോഡ് റീടാര്‍ ചെയ്തിട്ട്. ചെറുപുഴ പഞ്ചായത്തിെൻറ പകുതിയിലേറെ വരുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണിത്. ഇരുപതോളം ബസുകള്‍ സര്‍വിസ് നടത്തുകയും ഇടമുറിയാതെ മറ്റു വാഹനങ്ങള്‍ പോവുകയും ചെയ്യുന്ന റോഡാണിത്. പാടേ തകര്‍ന്ന റോഡില്‍ പലയിടത്തും വന്‍ കുഴികളാണ്. റോഡിെൻറ വശങ്ങള്‍ ഇടിഞ്ഞതിനാല്‍ ടാറിങ്ങിെൻറ ഇരുവശവും വന്‍ താഴ്ചകളാണ്. മഴക്കാലത്ത് കുഴികളില്‍ നിറച്ച പാറപ്പൊടിയും മണ്ണും വാഹനങ്ങള്‍ പോകുമ്പോള്‍ പാറിപ്പറക്കുകയാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ റോഡിലെ കുഴികളടക്കുന്നതിനും ഇപ്പോള്‍ തുക വകയിരുത്തുന്നില്ല. ഈ സാഹചര്യത്തില്‍ റോഡിലെ കുഴികളടക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനെക്കുറിച്ച് ആലോചിക്കുന്നതിനും അധികൃതരുടെ ഇടപെടലിന് യോജിച്ച് നീങ്ങുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.