പാപ്പിനിശ്ശേരി: വെള്ളിയാഴ്ച ആരംഭിച്ച കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ മഖാം ഉറൂസ് ഇന്ന് സമാപിക്കും. ഞായറാഴ്ച സന്ദർശകപ്രവാഹമായിരുന്നു. കണ്ണൂർ- പഴയങ്ങാടി റൂട്ടിൽ പാപ്പിനിശ്ശേരി മേൽപാലം വഴിയുള്ള ഗതാഗതം വൈകീട്ടു മുതൽ രാത്രിവരെ വീർപ്പുമുട്ടി. വളപട്ടണം പാലം മുതൽ പഞ്ചായത്ത് വരെയും മണിക്കൂറുകളോളം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി. പാപ്പിനിശ്ശേരി കെ.എസ്.ടി.പി മേൽപാലം തുറന്നതിനുശേഷമുള്ള ആദ്യത്തെ ഉറൂസാണിത്. എല്ലാ വർഷവും ഗതാഗതം തിരിച്ചുവിടാറുണ്ടായിരുന്നു. മേൽപാലം വന്നതോടെ അതിന് കഴിയാതായി. റെയിൽവേ ഗേറ്റിനോടനുബന്ധിച്ച അടിപ്പാത നാട്ടുകാർ മുൻകൈയെടുത്ത് വ്യാഴാഴ്ചതന്നെ കാൽനടക്കുവേണ്ടി സജ്ജമാക്കിയതിനാൽ ജനത്തിന് ആശ്വാസമായി. മതമൈത്രിക്ക് പെരുമകേട്ട മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസിന് എല്ലാ മതസ്ഥരുമെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെതന്നെ മഖാമിലേക്കുള്ള എല്ലാവഴികളും നിറഞ്ഞു. ഞായറാഴ്ച രാത്രി നടന്ന ബുർദ മജ്ലിസിന് അബ്ദുൽ ഫത്താഹ് ദാരിമി നേതൃത്വം നൽകി. തിങ്കളാഴ്ച സമാപനസമ്മേളനം സമസ്ത കേരള മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുൽ സലാം മുസ്ലിയാർ ഉദ്ഘാടനംചെയ്യും. രാത്രി കൂട്ടപ്രാർഥനക്ക് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.