വെള്ളോറ ടാഗോർ സ്കൂളിലെ 56 ജീവനക്കാരും ഒരുമാസ ശമ്പളം നൽകും കണ്ണൂർ: പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ ഒറ്റക്കെട്ടായി ശ്രമിക്കുന്ന കേരളത്തിന് ദുരിതാശ്വാസപ്രവർത്തനത്തിൽ പുതിയ മാതൃക സൃഷ്ടിച്ച് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാർ. മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത സ്കൂളിലെ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 56 ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് തീരുമാനിച്ചത്. 30 ലക്ഷത്തോളം രൂപ ഗഡുക്കളായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ടി.എം. ജയകൃഷ്ണൻ, പ്രധാനാധ്യാപിക കെ. വിജയം എന്നിവർ പറഞ്ഞു. ജീവനക്കാർ ജില്ല കലക്ടർ മിർ മുഹമ്മദലിക്ക് ഇതിനുള്ള സമ്മതപത്രം കൈമാറി. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി. രജനി, സ്കൂൾ അധ്യാപകനും വാർഡ് മെംബറുമായ ടി.വി. അനീഷ്, നോൺ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി കെ.കെ. കുഞ്ഞിനാരായണൻ, അധ്യാപകൻ കെ. േപ്രമരാജൻ എന്നിവരും സംബന്ധിച്ചു. 49 അധ്യാപകരും ഏഴ് അനധ്യാപക ജീവനക്കാരുമാണ് സ്കൂളിലുള്ളത്. ജില്ലയിൽ ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ ജീവനക്കാരും ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുന്നത്. പ്രളയബാധിത വീടുകൾ ശുചീകരിക്കുന്നതിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിലും ടാഗോറിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സജീവമായിരുന്നു. അവധിദിനങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധ്യാപകർ പങ്കെടുത്തതായും പ്രിൻസിപ്പലും പ്രധാനാധ്യാപികയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.