മഴക്കെടുതി: കുടിവെള്ളം മുടങ്ങാതെ കാത്തത് നാവികസേന

കണ്ണൂർ: ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ പഴശ്ശി കുടിവെള്ള പദ്ധതിയിലെ ജലവിതരണം മുടങ്ങിയപ്പോൾ രക്ഷയായത് നാവിക സേനയുടെ സാഹസിക ദൗത്യം. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ വളപട്ടണം പുഴയിലേക്കൊഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും കാരണം പഴശ്ശി പമ്പ് ഹൗസിലേക്കുള്ള ചേംബർ അടഞ്ഞുപോയിരുന്നു. പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകളിലും 11 പഞ്ചായത്തുകളിലും മൂന്നുദിവസം ഇതുകാരണം കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടായി. പഴശ്ശി അണക്കെട്ടിന് ഏകദേശം 400 മീറ്റർ മുകളിലായി വളപട്ടണം പുഴയുടെ അടിത്തട്ടിൽ സ്ഥാപിച്ച മൂന്നു ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ചേംബർ വഴിയാണ് പഴശ്ശി പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് വെള്ളം ലഭ്യമാക്കുന്നത്. തുടക്കത്തിൽ ചെറിയ തോതിലുണ്ടായ തടസ്സം ശനിയാഴ്ചയോടെ പൂർണമാവുകയായിരുന്നു. ഇതേത്തുടർന്നാണ് പമ്പിങ് നിർത്തിെവക്കേണ്ടിവന്നത്. ഇക്കാര്യം ജലവകുപ്പ് അധികൃതർ ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് നാവിക സേനയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു. നാവികസേനയുടെ വിദഗ്ധ സംഘം സർവസജ്ജരായി കൊച്ചി ഐ.എൻ.എസ് ഗരുഡയിൽനിന്ന് ഐ.എൻ ഡോണിയർ വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. വൈകീേട്ടാടെ ലഫ്റ്റനൻറ് കമാൻഡർ രാജീവ് ലോച്ച​െൻറ നേതൃത്വത്തിലുള്ള 12 അംഗ ദൗത്യസംഘം പഴശ്ശി പദ്ധതി പ്രദേശത്തെത്തി. ഉരുൾപൊട്ടിയതിനെ തുടർന്ന് കല്ലും മണ്ണും മരങ്ങളുമായി കുതിച്ചൊഴുകുന്ന പുഴയിൽ അപ്പോൾ ആറു മീറ്റർ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. കലങ്ങിയ വെള്ളത്തിൽ പുഴയുടെ അടിത്തട്ടിലുള്ള ചേംബറിലെ തടസ്സങ്ങൾ നീക്കുകയെന്നത് അത്യന്തം ദുഷ്കരവുമായിരുന്നു. അതിസാഹസികമായാണ് മുങ്ങൽ വിദഗ്ധരുൾപ്പെടുന്ന മറൈൻ കമാൻഡോകൾ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചത്. ഏഴിമല നാവിക അക്കാദമി, കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഡൈവിങ് ഓഫിസർമാർ, എട്ട് മുങ്ങൽ വിദഗ്ധർ, ഒരു മെഡിക്കൽ ഓഫിസർ, ഒരു മെഡിക്കൽ അസിസ്റ്റൻറ് എന്നിവരടങ്ങിയതായിരുന്നു പ്രത്യേക സംഘം. വെള്ളം കലങ്ങിയതിനാലും മണ്ണ് മൂടിക്കിടന്നതിനാലും ചേംബറി​െൻറ ശരിയായ സ്ഥാനം കണ്ടെത്താൻ തന്നെ ഏറെ കഷ്ടപ്പെട്ടതായി സംഘത്തലവൻ ലഫ്റ്റനൻറ് കമാൻഡർ രാജീവ് ലോച്ചൻ പറഞ്ഞു. ചളിയും കല്ലും നിറഞ്ഞ് പൂർണമായി മൂടിയ നിലയിലായിരുന്നു ഇൻലെറ്റ് ചേംബറി​െൻറ മുഖം. ഭാഗികമായി തടസ്സങ്ങൾ നീക്കി പമ്പിങ് പുനരാരംഭിക്കാൻ പാകത്തിലാക്കാൻ രണ്ടു ദിവസത്തിലേറെ കഷ്ടപ്പെടേണ്ടിവന്നു. ചേംബർ മുഖത്ത് വിലങ്ങനെ കിടന്ന കൂറ്റൻ മരമാണ് ഓപറേഷൻ പൂർണവിജയത്തിലെത്തിക്കാൻ വിലങ്ങുതടിയായത്. താൽക്കാലികമായി അണക്കെട്ടി​െൻറ ഷട്ടർ താഴ്ത്തി ഒഴുക്കി​െൻറ ശക്തികുറക്കാനായാൽ മരം നീക്കാമെന്നായിരുന്നു നാവികസേനയുടെ കണക്കുകൂട്ടൽ. പക്ഷേ, മഴ തുടരുന്ന സമയത്ത് ഷട്ടർ അടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ തൽക്കാലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അണക്കെട്ടി​െൻറ ചുമതലയുള്ള ജലവകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. സുദീപ് പറഞ്ഞു. മഴ കുറയുന്നതോടെ ജലനിരപ്പ് താഴ്ന്നാൽ മരം നീക്കം ചെയ്യാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.