കേൾക്കുന്നുണ്ട്​, ഇൗ രോദനങ്ങൾ

അബ്ദുല്ല ഇരിട്ടി ഭീതി വിട്ടുമാറാതെ മലയോരവാസികൾ ഇരിട്ടി: ഉരുള്‍പൊട്ടലി​െൻറയും പേമാരിയുടെയും ഭീതി വിട്ടുമാറാതെ ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ് മലയോരവാസികള്‍. ഉരുള്‍പൊട്ടലും കനത്ത പേമാരിയും മൂലം 55 വീടുകള്‍ പൂര്‍ണമായും 230 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏക്കര്‍കണക്കിന് കൃഷിനാശമാണ് മലയോരത്തുണ്ടായത്. രണ്ടുപേരുടെ ജീവനാണ് അപഹരിച്ചത്. സംഭവം മറക്കാന്‍ ശ്രമിക്കുന്തോറും ഭീതിയോടെ ഓര്‍ക്കുകയാണ് മലയോരവാസികള്‍. അയ്യൻകുന്ന്, ആറളം, ഉളിക്കല്‍ പഞ്ചായത്തുകളിലായിരുന്നു കാര്യമായ നാശനഷ്ടം ഉണ്ടായത്. അയ്യൻകുന്നിലാണ് ഇതിലേറെയും. കോൺക്രീറ്റ് വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചതും ഇൗ പഞ്ചായത്തിലെ കീഴങ്ങാനത്താണ്. ഷൈനി, ഭര്‍തൃപിതാവ് തോമസ് എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന കോൺക്രീറ്റ് വീട് തകര്‍ന്ന് ഉരുള്‍പൊട്ടലില്‍ നാമാവശേഷമായി. വീടി​െൻറ പിന്നില്‍ നിന്നും മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവരുടെ വീട് തകരുകയും രണ്ടുപേരും വീടനകത്തുപെട്ട് മരിക്കുകയുമായിരുന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് ജെയ്‌സണ്‍, മകന്‍ അഖില്‍ എന്നിവര്‍ വീടിനു വെളിയിലായത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. കനത്ത മഴയില്‍ തകര്‍ന്ന റോഡിലെ മരവും മറ്റും മാറ്റാന്‍ പോയതായിരുന്നു ഇരുവരും. തിരിച്ചുവരവേ വീടി​െൻറ സ്ഥാനത്ത് വെറും മണ്‍കൂന മാത്രമാണ് ജെയ്‌സണ് കാണാനായത്. വീടും പിതാവും ഭാര്യയും നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്ന് ജെയ്‌സണ്‍ ഇനിയും മുക്തനായിട്ടില്ല. സമീപത്തെ ബന്ധുവീട്ടിലാണ് ഇപ്പോള്‍ ജെയ്‌സണും മക്കളും താമസിക്കുന്നത്. എടപ്പുഴയിലെ മോഹനന് ഇപ്പോഴും സങ്കടം അടക്കാന്‍ കഴിയുന്നില്ല. ഏറെ കാലത്തെ സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു വീടെന്നത്. ഒരു വര്‍ഷം മുമ്പാണ് സ്വപ്‌നം പൂവണിഞ്ഞത്. സ്വന്തം വീട് തകരുന്നത് നിര്‍വികാരമായി നോക്കിനിൽക്കാനേ മോഹനന് സാധിച്ചുള്ളൂ. തൊട്ടടുത്ത് സഹോദരന്‍ രവീന്ദ്ര​െൻറ വീടി​െൻറയും സ്ഥിതി മറിച്ചായിരുന്നില്ല. രണ്ടുപേരുടെയും വീട് മണിക്കൂറുകള്‍ വ്യത്യാസത്തിലാണ് നിലം പൊത്തിയത്.എട്ടിന് രാവിലെ ഉരുള്‍പൊട്ടിലിനു സമാനമായ മണ്ണിടിച്ചിലില്‍ വീടിന് പിറകില്‍ മണ്ണിടിഞ്ഞ് ചുമരിന് വിള്ളല്‍ വീണു. പിന്നീട് കുന്ന് മുഴുവന്‍ ഇടിഞ്ഞ് മോഹന​െൻറ വീട്ടിലേക്ക് പതിക്കുകയായിരുന്നു. കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞത് ഇവരുടെ ജീവിത സ്വപ്‌നങ്ങൾ ഇരിട്ടി: വൃദ്ധ ദമ്പതികളായ മീത്തിനകത്ത് ബേബിക്കും ഭാര്യ മേരിക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല തങ്ങളുടെ ജീവന്‍ തിരികെ ലഭിച്ചത്. എടക്കാനം-ഇരിട്ടി റോഡില്‍ എടക്കാനം നെല്ലാറയ്ക്കല്‍ മീത്തിനകത്ത് ബേബിയുടെ 'മഠത്തിനകത്ത്' എന്ന ഇരുനില വീട് കുന്നിടിഞ്ഞുവീണാണ് തകര്‍ന്നടിഞ്ഞ് മണ്ണിനൊപ്പം പുഴയിലേക്ക് ഒലിച്ചുപോയത്. രണ്ട് പെണ്‍മക്കളും വിവാഹിതരായി ഭര്‍ത്താവിനൊപ്പം താമസം തുടങ്ങിയതോടെ വൃദ്ധ ദമ്പതികളായ ബേബിയും ഭാര്യയും മാത്രമാണ് റോഡരികിലുള്ള വീട്ടില്‍ താമസിക്കുന്നത്. ഈ വീട് പണിയുംമുമ്പ് കുന്നിന് മുകളില്‍ ഒറ്റനില ആസ്ബസ്റ്റോസ് ഷീറ്റിട്ട വീട്ടിലായിരുന്നു താമസം. പ്രായം കൂടിയതോടെ കുന്നുകയറിയിറക്കം ബുദ്ധിമുട്ടിലാവുകയും പെണ്‍മക്കള്‍ വളര്‍ന്നുവരുകയും ചെയ്തതോടെയാണ് കൃഷിയില്‍ നിന്നും സ്വരൂപിച്ചതും ബാങ്ക് വായ്പയെടുത്തും റോഡരികില്‍ 2007ല്‍ പുതിയ വീടു പണിതത്. കുന്നിടിഞ്ഞ ശബ്ദം കേട്ട് നാട്ടുകാരും അയല്‍വാസികളും ഓടിക്കൂടി ഇരുവരെയും വീടിനു പുറത്തേക്ക് എത്തിച്ചെങ്കിലും വീട്ടിലെ ഫര്‍ണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും വീട്ടുപാത്രങ്ങളും ഉള്‍പ്പെടെ തകര്‍ന്നു മണ്ണടിഞ്ഞു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നെങ്കിലും വീടു തകര്‍ന്നു തരിപ്പണമാകുന്നതിന് സാക്ഷിയാവാന്‍ മാത്രമേ അവര്‍ക്കു സാധിച്ചുള്ളൂ. അരക്കോടിയോളം രൂപയുടെ നാശനഷ്ടമാണ് ബേബിക്കുണ്ടായിരിക്കുന്നത്. കിടപ്പാടം ഇടിഞ്ഞുനിരങ്ങി ഒലിച്ചുപോയതോടെ തല ചായ്ക്കാനിടമില്ലാതെ ബേബിയും ഭാര്യ മേരിയും എടക്കാനം എല്‍.പി സ്‌കൂളിനടുത്തുള്ള സഹോദരന്‍ മഠത്തിനകത്ത് തോമസി​െൻറ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.