കൊട്ടിയൂർ: പ്രായമായ അമ്മയെയും പറക്കമുറ്റാത്ത ഈ കുട്ടികളെയും കൊണ്ട് ഞാനെങ്ങോട്ട് പോകും, എങ്ങനെ ജീവിക്കും. മന്ദംചേരി എസ്.എൻ.എൽ.പി സ്കൂളിൽ കഴിയുന്ന കൊട്ടിയൂർ ചപ്പമല സ്വദേശി പുത്തൻ വീട്ടിൽ സജിനയുടെ വാക്കുകൾ കേട്ടാൽ കരളലിയും. ആറുവർഷം മുമ്പ് ഭർത്താവ് മരിച്ച സജിന പശുവളർത്തിയാണ് കുടുംബം പോറ്റിയിരുന്നത്. കൊട്ടിയൂർ ചപ്പമലയിലുണ്ടായ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന 60 സെൻറ് കൃഷിയിടത്തിെൻറ ഇരുവശങ്ങളും ഒലിച്ചുപോയി. ഇരുഭാഗങ്ങളിലും വലിയ ചാലുകളായി മാറി. ഇതോടെ വീട്ടിലേക്ക് പ്രവേശിക്കാനും കഴിയാതെയായി. വനത്തിൽനിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറയാണ് വീടിന് മുകളിലുള്ളത്. ഉരുൾപൊട്ടലിൽ വീടിന് സാരമായ കേടുപാടും സംഭവിച്ചു. പ്രായമായ അമ്മ രോഗിയുമാണ്. മക്കളിൽ രണ്ടുപേർ വിദ്യാർഥികളുമാണ്. ഒരാളെ വിവാഹം കഴിപ്പിച്ചയച്ചു. ഇളയ മകൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ അടുത്തൊരു വീട്ടിൽ അഭയം തേടി. പശുക്കളെയും അയൽവാസിയുടെ വീട്ടിലെത്തിച്ചു. ക്യാമ്പിൽ നിന്ന് പുലർച്ച അഞ്ചുമണിക്ക് പുറപ്പെട്ടാണ് പശുക്കളെ കറക്കുന്നതും തീറ്റ കൊടുക്കുന്നതും. എത്ര നാൾ ഇങ്ങനെ തുടരാനാകും. ക്യാമ്പ് നിർത്തിയാൽ അമ്മയെയും പശുക്കളെയുമായി തിരികെ വീട്ടിലേക്ക് എത്താനാവില്ല. പശുവളർത്താതെ ജീവിക്കാനുമാകില്ല. ജീവിതത്തിനും ദുരന്തത്തിനുമിടയിൽ ഉത്തരമില്ലാത്ത ചോദ്യവുമായി ജീവിക്കുകയാണ് സജിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.