വൻദുരന്തം ഒഴിവായി കനത്ത മഴ: പെരുമ്പയിൽ ഇരുനില കെട്ടിടം തകർന്നു

പയ്യന്നൂർ: കനത്ത മഴയിൽ പെരുമ്പയിൽ ഇരുനിലകെട്ടിടം തകർന്നുവീണു. ആളപായമില്ല. ശനിയാഴ്ച പുലർച്ച 3.30ഒാടെയാണ് സംഭവം. പെരുമ്പ മുത്തപ്പൻ മടപ്പുരക്ക് തൊട്ടടുത്ത് മെയിൻറോഡിനരികിൽ സ്ഥിതിചെയ്യുന്ന ഓടിട്ട ഇരുനില കെട്ടിടത്തി​െൻറ ഒരുഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടാട്ട് സ്വദേശി വണ്ണാലത്ത് കുഞ്ഞപ്പ​െൻറ പലചരക്ക് കട, തൊട്ടടുത്ത കണ്ടോത്ത് സ്വദേശി അശോക​െൻറ ഉടമസ്ഥതയിലുള്ള ഹോട്ടൽ അശോക, മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന വുഡ് പ്ലെയിനർസ് ഓണേഴ്സ് അസോസിയേഷൻ ഓഫിസ് എന്നിവ പൂർണമായും തകർന്നനിലയിലാണ്. കെട്ടിടത്തി​െൻറ ബാക്കിഭാഗങ്ങളും തകർച്ചയുടെ വക്കിൽ ഏതുസമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്. നിരവധി വ്യാപാരസ്ഥാപനങ്ങളും മറ്റുമാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് കാലപ്പഴക്കമുണ്ടെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് കെട്ടിടം തകർന്നുവീഴാൻ കാരണമായത്. കെട്ടിടത്തി​െൻറ ഒരുഭാഗം തകർന്ന് പലചരക്ക് കടയുൾപ്പെടെ നശിച്ചത് ഉടമകൾക്ക് വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. കെട്ടിടം തകർന്നുവീണത് പുലർച്ചയായതിനാൽ വൻ അപകടമാണ് ഒഴിവായത്. പകൽസമയങ്ങളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. പുലർച്ചയായതിനാൽ ഇവിടെ ആരുമുണ്ടായിരുന്നില്ല. കെട്ടിടം തകർന്ന് വൈദ്യുതി കേബിളുകളും മറ്റും റോഡിന് കുറുകെ വീണതിനാൽ ഗതാഗതം അൽപനേരം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തിയാണ് കേബിളുകൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കെട്ടിടം തകർന്നുവീണതറിഞ്ഞ് നിരവധിപേരാണ് സ്ഥലത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.