തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനിൽ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ദുരിതാശ്വാസ ശേഖരണ കേന്ദ്രവും തുറന്നു. റേഞ്ച് ഐ.ജിയുടെ നിർദേശപ്രകാരം കെ.എ.പി കമാൻഡൻറ് സഞ്ജയ്കുമാർ ഗുരുഡിൻ, അസി. കമാൻഡൻറ് സി.എം. സുധീർകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. എസ്.ഐ രാധാകൃഷ്ണൻ കാവുമ്പായിക്കാണ് കൺട്രോൾ റൂം ചുമതല. കൂടാതെ ഏത് സാഹചര്യവും നേരിടാനായി സർവസജ്ജരായ100 പൊലീസുകാരെയും ഒരുക്കിനിർത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഏത് സമയത്തും ഇവരുടെ സേവനം വിട്ടുനൽകും. ദുരിതബാധിതർക്ക് വിതരണം ചെയ്യാനായി വിവിധ സംഘടനകൾ എത്തിക്കുന്ന സാധനങ്ങൾ കേടുകൂടാതെ ശേഖരിച്ചുവെക്കാൻ വിപുലമായ സൗകര്യങ്ങളും കെ.എ.പി ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ ഇരിട്ടി താലൂക്കിൽ വിതരണം ചെയ്യാൻ എത്തിച്ചിരുന്നു. വയനാട്ടിലേക്കു വിതരണത്തിനായും സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. കൽപറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇത് ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ സാധാരണ നില പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ഈ സൗകര്യം തുടരുമെന്ന് കെ.എ.പി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.