മലയോരത്ത് ഉരുൾപൊട്ടൽ പരമ്പര

കേളകം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ വിവിധ മലമടക്കുകളിൽ വ്യാപക ഉരുൾപൊട്ടൽ. കൊട്ടിയൂർ അമ്പായത്തോട് ടൗണിന് എതിർവശത്തെ കൊട്ടിയൂർ വനത്തിൽ വ്യാഴാഴ്ച 11നുണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ പ്രകമ്പനത്തിലും പ്രളയത്തിലും നാട് നടുങ്ങി. ഏക്കർകണക്കിന് വനഭാഗങ്ങൾ ഇടിഞ്ഞ് ബാവലിപ്പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ മരത്തടികളും മൺകൂമ്പാരവും വന്നടിഞ്ഞ് വെള്ളം കെട്ടിനിന്ന് ഡാമിന് സമാനമായ അവസ്ഥയുണ്ടായി. 30 മീറ്ററോളം ഉയർന്ന വെള്ളക്കെട്ട് മരത്തടികളോടെ ഒഴുകി താഴ്വാരങ്ങൾ വെള്ളത്തിലായി. കൂടുതൽ െപാലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. കനത്തമഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയനിലയിലാണ്. റോഡിലെ വെള്ളക്കെട്ടും കനത്ത മഴയുംമൂലം കൊട്ടിയൂർ-തലശ്ശേരി-ഇരിട്ടി പാതയിലെ ബസുകൾ ഓട്ടം നിർത്തിവെച്ചു. ബാവലി, ചീങ്കണ്ണിപ്പുഴകൾ കവിഞ്ഞൊഴുകുകയാണ്. താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പുഴ ഗതിമാറി ഒഴുകി നിരവധി കൃഷിയിടങ്ങൾ വെള്ളത്തിലായി. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി 10 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പാലങ്ങളും റോഡുകളും തകർന്നു. മണ്ണിടിഞ്ഞും പുഴ കവിഞ്ഞൊഴുകിയും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഉപയോഗ ശൂന്യമായി. മൂന്നു ദുരിതാശ്വാസ ക്യാമ്പുകളായി 450ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. അടിയന്തരസാഹചര്യങ്ങൾ നേരിടാൻ കേന്ദ്രസേന എത്തി. മേഖലയിൽ അതിജാഗ്രത നിർദേശം നൽകി. നെല്ലിയോടി, മേലെകണ്ടപ്പുനം, ചപ്പമല, അമ്പായത്തോട്, പാൽചുരം, കൂനംപള്ള കോളനി, വെണ്ടേക്കുംചാൽ, പൊയ്യമല, അടക്കാത്തോട് മേമല, രാമച്ചി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. കൊട്ടിയൂർ മേലെകണ്ടപ്പുനത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ഇലവുങ്കൽ സേവ്യർ, ബേബി, ഈന്തുങ്കൽ ലൂസി, ഷൈനി, ബെന്നി എന്നിവരുടെ കൃഷിയിടങ്ങൾ ഒഴുകിപ്പോയി. നെല്ലിയോടി ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ കലുങ്കുകളുടെ സ്ഥാനത്ത് നിർമിച്ച താൽക്കാലിക പാലം വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. ഇതോടെ നെല്ലിയോടി അൽഫോൻസാ നഗർ പ്രദേശവാസികൾ ഒറ്റപ്പെട്ടു. ഉരുൾപൊട്ടൽഭീതിയുള്ള സ്ഥലങ്ങളിൽനിന്ന് കൂടുതൽപേരെ ഒഴിപ്പിക്കാനാണ് റവന്യൂ വകുപ്പിനും െപാലീസിനും ലഭിച്ച നിർദേശം. തലശ്ശേരി സബ് കലക്ടർ ചന്ദ്രശേഖറി​െൻറ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.