കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടൽ; ഗ്രാമങ്ങൾ വെള്ളത്തിൽ - വയനാട് ചുരം പാതയിൽ ഗതാഗതം മുടങ്ങി

കേളകം: കൊട്ടിയൂരില്‍ രണ്ടിടങ്ങളിൽ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. ജനവാസമേഖലയായ ചപ്പമലയിലും കൊട്ടിയൂർ വനത്തിലുമാണ് ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഉരുൾപൊട്ടിയത്. ചപ്പമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീടുകളുണ്ട്. ഭാഗ്യംകൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടിയുള്ള മലവെള്ളപ്പാച്ചിലിൽ ഇവരുടെ ഏക്കർകണക്കിന് കൃഷിയിടങ്ങൾ നശിച്ചു. ചപ്പമലയിൽ ഒരാഴ്ചമുമ്പും ഉരുൾപൊട്ടലുണ്ടായിരുന്നു. മഴ ശക്തമായതോടെ കൊട്ടിയൂർ-വയനാട് ചുരം പാതയിൽ വീണ്ടും മലയിടിഞ്ഞ് ഗതാഗതം നിലച്ചു. ഏതാനും ദിവസം മുമ്പുണ്ടായ മലയിടിച്ചിലിനെ തുടർന്ന് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും ചുരമിടിഞ്ഞത്. മണ്ണിടിച്ചിലിൽ െപാലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാൽചുരത്ത് കുടുങ്ങി. മേലെ പാൽചുരം കോളനിവാസികൾ പ്രളയഭീതിയിൽ വീടൊഴിഞ്ഞു. തോരാ പേമാരിയിൽ എന്തും സംഭവിക്കാമെന്നഭീതിയിൽ വീടുകളിൽതന്നെ കഴിച്ചുകൂട്ടുകയാണ് മലയോരജനത. ഉരുൾപൊട്ടലുണ്ടായ ചപ്പമലയുടെ താഴ്‌വാരത്തെ പാമ്പറപ്പാൻ എൻ.എസ്.എസ് കെ.യു.പി സ്കൂൾ വിദ്യാർഥികളെ സമീപത്തുള്ള മന്ദംചേരി സ്കൂളിലേക്ക് മാറ്റി. സമീപത്തെ തോട്ടിൽ ക്രമാതീതമായ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്നാണിത്. വെള്ളപ്പൊക്കത്തെ തുടർന്ന് പാൽചുരം, അമ്പായത്തോട്, കൊട്ടിയൂർ മുതൽ കാളികയംവരെ താഴ്ന്നപ്രദേശങ്ങളും മലയോരഗ്രാമങ്ങളും പാതകളും വെള്ളത്തിലായി. ദിവസങ്ങളായി അതിശക്തമായ മഴയില്‍ ചപ്പമലയിൽ വലിയ ശബ്ദത്തോടെ വെള്ളവും കല്ലുകളും ഒലിച്ചിറങ്ങുകയായിരുന്നു. ചപ്പമലയിലെ വിളയാനിക്കല്‍ ജോയി, നടുകുടിയാങ്കല്‍ സാബു, വയലിങ്കല്‍ മധുസൂദനന്‍, പുത്തന്‍പറമ്പില്‍ സിജു, പുത്തന്‍വീട്ടില്‍ ഭാര്‍ഗവി, വിജയന്‍ എന്നിവരുടെ കൃഷിയിടങ്ങള്‍ നശിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങൾ നടത്തി പ്രദേശവാസികളെ ഒഴിപ്പിച്ച് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ പ്രളയത്തിൽ പാമ്പറപ്പാൻ പാലം വെള്ളത്തിലായി. നീണ്ടുനോക്കി ടൗണിൽ വെള്ളം കയറി. കേളകത്തി​െൻറ മലമടക്കുകളും ആറളം വനപ്രദേശങ്ങളിലും മഴ തിമിർത്ത് പെയ്തതോടെ ചീങ്കണ്ണിപ്പുഴയും കവിഞ്ഞൊഴുകി. പുഴയോരപ്രദേശങ്ങൾ വെള്ളത്തിലായി. ആയിരങ്ങളുടെ കൃഷിയിടങ്ങളും വെള്ളത്തിലാണ്. ഉരുൾപൊട്ടലിൽ മരത്തടികൾ പുഴകളിലൂടെയെത്തി പാലങ്ങളിൽ തട്ടിയത് പാലങ്ങളുടെ ബലക്ഷയത്തിനും കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.