കേളകം: ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കൊറ്റില്ലങ്ങളിൽ (കൊറ്റികൾ കൂടൊരുക്കുന്ന മേഖല) വനംവകുപ്പ് കണക്കെടുപ്പ് നടത്തി. ആറളം വന്യജീവി സങ്കേതത്തിെൻറ ആഭിമുഖ്യത്തിലാണ് കണക്കെടുപ്പ് നടത്തിയത്. മണത്തണ, ശിവപുരം, മാഹിപ്പാലം, കണ്ണൂർ ടൗൺ, നുച്ചിയാട്, കൊട്ടുകപ്പാറ, തലശ്ശേരി ജഗന്നാഥ ക്ഷേത്രപരിസരം, പാറപ്പുറം, മധുക്കോട്, ചാലോട് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന സർവേക്ക് ആറളം വന്യജീവി സങ്കേതം അസി. വാർഡൻ ജയപ്രകാശ്, പരിസ്ഥിതി പ്രവർത്തകൻ റോഷ്നാഥ്, ജീവനക്കാരായ ബിജു തേൻകുടി, എം.ജി. മജുംദാർ തുടങ്ങിയവർ നേതൃത്വം നൽകി. മഴക്കാലം അടുക്കുമ്പോഴാണ് കൊക്കുകളും മറ്റ് നീർപക്ഷികളും കൂടൊരുക്കുന്നത്. ഇവ ഒത്തുചേർന്ന് വലിയ മരങ്ങളിലോ മരക്കൂട്ടങ്ങളിലോ കൂട് വെക്കും. ഇത്തരം സ്ഥലങ്ങളാണ് കൊറ്റില്ലം എന്ന് വിളിക്കപ്പെടുന്നത്. കേരളത്തിലെ മിക്കസ്ഥലങ്ങളിലും ഒരു കാലത്ത് കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പക്ഷിവേട്ടയും മരം മുറിക്കലും കാരണം നിരവധി കൊറ്റില്ലങ്ങൾ നശിച്ചു. ഇക്കൊല്ലം കൊറ്റില്ലങ്ങളിലെ മരങ്ങളിൽ കൂടുകൾ കുറവാണെന്ന് സർവേക്ക് നേതൃത്വം നൽകിയ ആറളം വന്യജീവി സങ്കേതം അസി. വാർഡൻ ജയപ്രകാശ് പറഞ്ഞു. കൂടുകൾ കൂടുതൽ കണ്ടെത്തിയത് മാഹിപാലത്തിന് സമീപത്തെ മരത്തിലാണ്. ഇവിടെ തൊണ്ണൂറും ശിവപുരത്ത് അറുപതും നുച്ചിയാട് അമ്പതും ചാലോട് മുപ്പത്തിയഞ്ചും കൂടുകളാണ് കണ്ടെത്തിയത്. ഇത് മുൻ വർഷങ്ങളിലേക്കാൾ കുറവാണ്. നീർകാക്ക, ചെറിയ നീർകാക്ക, കിന്നരി നീർകാക്ക, ചേരകൊക്ക്, കുളകൊക്ക് ഇനങ്ങളാണ് കൊറ്റില്ലങ്ങളിൽ കൂടൊരുക്കി വസിക്കുന്നത് ശ്രദ്ധയിൽപെട്ടത്. കണക്കെടുപ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.