വീട്ടുവളപ്പിൽ സോളാർ വൈദ്യുതിക്ക്​ കരാർ ഒപ്പിട്ട്​ പി.ബി. അബ്​ദുറസാഖ്​ എം.എൽ.എ

കാസർകോട്: സ്വന്തം വീട്ടിൽ സോളാർ വൈദ്യുതിയുണ്ടാക്കി കെ.എസ്.ഇ.ബിക്ക് കൈമാറാൻ കരാർ ഒപ്പിട്ട് പി.ബി. അബ്‌ദുറസാഖ് എം.എൽ.എ. പുരപ്പുറത്ത് സോളർ വൈദ്യുതിയുണ്ടാക്കി കെ.എസ്.ഇ.ബിക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി വൈദ്യുതി ബോര്‍ഡുമായി കരാർ ഒപ്പിട്ടു. വീടിനുമുകളില്‍ സോളാര്‍പാനലുകൾ ഘടിപ്പിച്ച് വീട്ടിലേക്കാവശ്യമുള്ള ഉപയോഗം കഴിഞ്ഞ് ബാക്കിവരുന്ന വൈദ്യുതിയാണ് കെ.എസ്.ഇ.ബിക്ക് നല്‍കുക. ഒരു മാസം ശരാശരി 1200 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതി. ഇതിനാവശ്യമായ 10 കിലോവാട്ട് സോളാർപ്ലാൻറാണ് നിർമിച്ചിട്ടുള്ളത്. ഇങ്ങനെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കാന്‍ പ്രത്യേക മീറ്ററും ഘടിപ്പിച്ചിട്ടുണ്ട്. 'സംസ്ഥാനത്ത് ജലവൈദ്യുതി ഉൽപാദനം 30 ശതമാനം മാത്രമാണ്. പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിച്ചും അവരുടെ ദയയിലുമാണ് കേരളം മുന്നോട്ടുപോകുന്നത്. അത് മുങ്ങിയാൽ അവതാളത്തിലാകും. നമ്മൾ ഇരുട്ടിലാകുന്നത് ഒഴിവാക്കാൻ നമ്മുടെ ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിക്കണം. അതോടൊപ്പം വർധിച്ചുവരുന്ന വൈദ്യുതിചാർജിൽനിന്ന് ശാശ്വതപരിഹാരവും കാണണം. മറ്റു ലോകരാജ്യങ്ങളിലേതുപോലെ ഈ രംഗത്തുണ്ടാകുന്ന മാറ്റങ്ങളും മുന്നേറ്റവും ഇവിടെയും ഉണ്ടാക്കാൻ സാധിക്കണം, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ നമ്മൾ തയാറാകണം' -എം.എൽ.എ പറഞ്ഞു. ലെസോൾ സോളാർ എന്ന ഗ്രീൻ എനർജി കമ്പനിയാണ് കരാർ പൂർത്തീകരിച്ചിരിക്കുന്നത്. പാനസോണിക് എന്ന ജപ്പാൻ നിർമിത സോളാർപാനലാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. സംസ്ഥാനസർക്കാർ ഊർജോൽപാദനരംഗത്തുള്ള ക്ഷാമം പരിഹരിക്കാൻ 'ഊർജ കേരളാമിഷൻ' എന്നപേരിൽ സൗരോർജം ഉൽപാദിപ്പിച്ച് വൈദ്യുതോൽപാദനരംഗത്ത് സ്വയംപര്യാപ്തത നേടാനുള്ള തീവ്ര യജ്ഞാപദ്ധതികളുമായി മുന്നോട്ടുപോകാൻ തുടങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.