സ്വച്ഛ് സര്‍വേക്ഷൻ ഗ്രാമീണ്‍ 2018 സര്‍വേക്ക്​ ജില്ലയില്‍ തുടക്കമായി

കാസർകോട്: രാജ്യത്തെ എല്ലാ ജില്ലകളെയും ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് കേന്ദ്ര ശുചിത്വ കുടിവെള്ളമന്ത്രാലയം 'സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2018'ന് തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ല ആസൂത്രണസമിതി ഹാളില്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ജില്ലയിലെ എല്ലാ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യും. സ്‌കൂളുകള്‍, അംഗൻവാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍, ബീച്ചുകള്‍, ആരാധനാലയങ്ങള്‍ മുതലായ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലതല സര്‍വേയിലൂടെയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ശുചിമുറികളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍ സ്ഥിതി, വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവയും വിലയിരുത്തും. ഈ മാസം 31വരെയാണ് സർവേ. തെരഞ്ഞെടുക്കപ്പെടുന്ന ജില്ലകള്‍ക്ക് ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ അവാര്‍ഡുകള്‍ നല്‍കും. എസ്.എസ്.ജി 18 (എസ്.എസ്.ജി സ്‌പേസ് 18) എന്നുള്ള ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്കും പ്രതികരണങ്ങള്‍ അറിയിക്കാം. ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം ഭാഷ തെരഞ്ഞെടുക്കുക. ശേഷം സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്ത് കഴിഞ്ഞ് വരുന്ന നാലു ചോദ്യങ്ങള്‍ക്ക് അതെ/അല്ല എന്ന് ഉത്തരം രേഖപ്പെടുത്താം. എല്ലാവരുേടയും സഹകരണം ഉണ്ടാകണമെന്ന് ജില്ല ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.