മൊബൈൽ ടവർ: അനുമതി ലഭിച്ച കമ്പനികൾക്ക് പ്രവൃത്തി നടത്താമെന്ന്​ കലക്​ടർ

കണ്ണൂർ: ജില്ലയിൽ മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ച കമ്പനികൾക്ക് നിർമാണവുമായി മുന്നോട്ടുപോവാമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി അറിയിച്ചു. ടവർ സ്ഥാപിക്കുന്നതിനെതിരായ പ്രദേശവാസികളുടെ പരാതികൾ കേട്ട ശേഷമാണ് ജില്ലതല ടെലികോം കമ്മിറ്റി യോഗത്തിൽ കലക്ടർ തീരുമാനം അറിയിച്ചത്. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ്, ഏഴോം ഗ്രാമപഞ്ചായത്തിലെ ചെങ്ങൽ, കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കൊളച്ചേരി, ആന്തൂർ നഗരസഭയിലെ 19ാം വാർഡ്, മൊറാഴ, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ പെരുന്തട്ട എന്നിവിടങ്ങളിലാണ് നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകിയിട്ടുള്ളത്. കമ്പനികൾ ആവശ്യപ്പെട്ട പൊലീസ് സംരക്ഷണം നൽകാനും കലക്ടർ ഉത്തരവിട്ടു. കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ഏറ്റുകുടുക്ക, കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്, പായം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ടവർ സ്ഥാപിക്കാൻ ലഭിച്ച അപേക്ഷകളിൽ അതത് പഞ്ചായത്തുകൾ തീരുമാനമെടുക്കാനും കലക്ടർ നിർദേശിച്ചു. കണ്ണൂർ കോർപറേഷനിൽ ടവർ സ്ഥാപിക്കുന്നതിന് എതിരായ പരാതി പരാതിക്കാർ ഹാജരാവാത്തതിനാൽ തള്ളി. യോഗത്തിൽ അസി. കലക്ടർ അർജുൻ പാണ്ഡ്യൻ, ടെലികോം എൻഫോഴ്സ്മ​െൻറ് റിസോഴ്സ് ആൻഡ് മോണിറ്ററിങ് സെൽ കേരള ഡയറക്ടർ ടി. ശ്രീനിവാസൻ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ടെലികോം കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.