പേരാവൂർ: തലശ്ശേരി-ബാവലി അന്തർസംസ്ഥാന പാതയിലൂടെയുള്ളത് അപകടയാത്ര. പേരിയ ചുരത്തിലേക്ക് കയറി രണ്ടാമത്തെ ഹെയർപിൻ വളവ് കഴിഞ്ഞുള്ള കയറ്റത്തിൽ റോഡിന് കുറുകെ വീണുകിടക്കുന്നത് മൂന്നു മരങ്ങളാണ്. ആഴ്ചകൾക്കുമുമ്പ് ചുഴലിക്കാറ്റിലാണ് ഈ മരങ്ങൾ വീണത്. ഇടിയാൻപാകത്തിലുള്ള മൺതിട്ടക്ക് മുകളിലെ രണ്ടു വലിയ മരങ്ങൾ കടപുഴകി റോഡിന് കുറുകെ വീണുകിടക്കുകയാണ്. ഏതുനിമിഷവും വീഴാൻപാകത്തിലായതിനാൽ വലിയ അപകടസാധ്യതയാണ് ഇതുയർത്തുന്നത്. തൊട്ടടുത്തുതന്നെ വേറൊരുമരവും റോഡിന് കുറുകെ വീഴാനൊരുങ്ങിനിൽക്കുന്നുണ്ട്. ആഴ്ചകൾക്കുമുമ്പ് കല്ലേരിമലയിൽ മരംവീണ് വിദ്യാർഥിനി മരിച്ചിരുന്നു. ഇതിനെത്തുടർന്ന് റോഡിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് നടപ്പായില്ല. മരംവീണ് ആഴ്ചകൾ പിന്നിട്ടിട്ടും ഇത് മുറിച്ചുനീക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ മഴക്കാലത്ത് വീണ നിരവധി മരങ്ങളും മൺതിട്ടകളും അപകടകരമാംവിധം റോഡരികിലുണ്ട്. കഴിഞ്ഞ 15ന് ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളില്‍ മരക്കൊമ്പ് വീണ് ആര്യപറമ്പ് സ്വദേശിനിയായ വിദ്യാർഥിനിയാണ് മരിച്ചത്. മൂന്നുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ മേഖലയിൽ വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രം മുറിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടികളാണ് അധികൃതർ സ്വീകരിച്ചത്. സ്‌കൂള്‍ ബസിന് മുകളില്‍ മരംവീണ് കുട്ടികള്‍ മരിച്ചതിെൻറ പഞ്ചായത്തലത്തിലായിരുന്നു മുമ്പ് പാതയോരത്തെ അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. പലപ്പോഴും അപകടഭീഷണിയുള്ള മരങ്ങള്‍ക്ക് നമ്പർ ഇട്ടുപോവുകയല്ലാതെ ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍പോലും അധികൃതര്‍ തയാറാകുന്നില്ല. നിടുംപൊയില്‍-പേരാവൂര്‍ റോഡില്‍ ഒരു ദുരന്തമുണ്ടായാൽ മാത്രമേ ഈ മരങ്ങൾ മുറിച്ചുമാറ്റുകയുള്ളോ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. അടിയന്തരനടപടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.