വെള്ളരിക്കുണ്ട്: അംഗീകാരങ്ങളുടെ പെരുമഴയിൽ തോമാപുരം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റുകൾ. തുടർച്ചയായി മൂന്നാം വർഷവും ജില്ലയിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റിനുള്ള അവാർഡ് സ്കൂൾ സ്വന്തമാക്കി. ഹയർസെക്കൻഡറി രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നൽകുന്ന പരമോന്നത ബഹുമതിയായ 'ചീഫ് മിനിസ്റ്റേഴ്സ് പുരസ്കാരം' കഴിഞ്ഞ രണ്ട് വർഷവും തോമാപുരം യൂനിറ്റിനായിരുന്നു. ജില്ലയിൽ ആദ്യമായാണ് ഇവയെല്ലാം ഒരേ സ്കൂളിന് ലഭിക്കുന്നത്. സല്യൂട്ട് ദി സൈലൻറ് വർക്കർ, തൊഴിൽ പരിശീലനം, പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾ, പേപ്പർ ബാഗ് നിർമാണവും വിതരണവും, ആരോഗ്യ ബോധവത്കരണ ക്ലാസുകളും പ്രവർത്തനങ്ങളും, സാന്ത്വന സഹായനിധി രൂപവത്കരണവും വിതരണവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നേത്രദാന സമ്മതപത്ര കൈമാറ്റം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ നടപ്പാക്കിയ നിരവധിയായ പ്രവർത്തനങ്ങളാണ് ഇൗ നേട്ടങ്ങൾക്ക് അർഹമാക്കിയത്. എക്സൈസ്, പൊലീസ്, ആരോഗ്യവകുപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ മാനേജ്മെൻറ്, ജനപ്രതിനിധികൾ, പി.ടി.എ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വിവിധ പ്രവർത്തനങ്ങൾ യൂനിറ്റ് ഏറ്റെടുത്തത്. 2017-18 വർഷത്തെ മികച്ച സ്കൗട്ടേഴ്സിനുള്ള അവാർഡ് സ്കൗട്ട്സ് മാസ്റ്റർ സഖറിയാസ് അബ്രഹാമിനും മികച്ച ഗൈഡേഴ്സിനുള്ള അവാർഡ് ഗൈഡ്സ് ക്യാപ്റ്റൻ ഷേർളി പി. തോമസിനും ലഭിച്ചിരുന്നു. രണ്ട് യൂനിറ്റിനുമുള്ള അവാർഡുകൾ ഒന്നിച്ച് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് തോമാപുരത്തെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.