ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ ശ്രീകണ്ഠപുരത്ത് പിടിയിലായി. കോഴിക്കോട് ഫറോക്കിലെ കഫാത്ത് കുന്നത്ത് വീട്ടിൽ വാസിക്ക് (24), രാമനാട്ടുകരയിലെ പുതിയ പറമ്പത്ത് വീട്ടിൽ ദിൽഷാദ് (24) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ശ്രീകണ്ഠപുരം ടൗണിൽ ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനൻ അറസ്റ്റ് ചെയ്തത്.ഇവർ സഞ്ചരിച്ച കെ.എൽ. 14 കെ 2955 മാരുതി റിറ്റ്സ് കാർ കസ്റ്റഡിയിലെടുത്തു. മൂന്ന് ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു. ഗുളികരൂപത്തിലുള്ള എം.ഡി.എം.എക്ക് മാർക്കറ്റിൽ കി. ഗ്രാമിന് കോടികൾ വിലയുണ്ട്. ഇത് ഒരു ഗ്രാം കൈവശംെവച്ചാൽ പത്ത് വർഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. വിദേശ രാജ്യങ്ങളിൽ സംഗീതനിശയിലും മറ്റും ഇവയുടെ ഉപയോഗം വ്യാപകമാണ്. കർണാടകയിൽ ന്യൂജെൻ പാർട്ടി കഴിഞ്ഞ് പോകുന്നതിനിടെ വഴിതെറ്റി ശ്രീകണ്ഠപുരത്തേക്ക് എത്തിയതാണെന്നാണ് പ്രതികൾ എക്സൈസ് സംഘത്തോട് പറഞ്ഞത്. എന്നാൽ, ഇവിടെ മറ്റാർക്കോ നൽകാൻ എത്തിയതാണെന്ന സംശയമുയർന്നതോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ തന്നെ ആദ്യമായാണ് ഇത്രയും എം.ഡി.എം.എ പിടികൂടുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ പി.ടി.യേശുദാസ്, പി.ആർ സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.വി. അഷറഫ്, പി.വി. പ്രകാശൻ, അബ്ദുൽ ലത്തീഫ്, എം.രമേശൻ, ഡ്രൈവർ കേശവൻ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.