ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്​; രണ്ടുപേര്‍ അറസ്​റ്റിൽ

പയ്യന്നൂര്‍: കേരള ലോട്ടറിയുടെ ടിക്കറ്റില്‍ നമ്പര്‍ തിരുത്തി തട്ടിപ്പുനടത്തി സമ്മാനത്തുക വാങ്ങിയ രണ്ടുപേര്‍ അറസ്റ്റിൽ. തിരുവട്ടൂര്‍ വായാട്ടെ കെ. ബാദുഷ (36), മട്ടന്നൂരിലെ കെ.കെ. മന്‍സൂര്‍ (35) എന്നിവരെയാണ് പയ്യന്നൂര്‍ എസ്‌.ഐ കെ.പി. ഷൈന്‍ അറസ്റ്റ് ചെയ്തത്. നടന്ന് ലോട്ടറി വിൽക്കുന്ന പയ്യന്നൂര്‍ മമ്പലത്തെ കെ.സി. ബാബുവാണ് തട്ടിപ്പിനിരയായത്. നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി ഇവര്‍ സമ്മാനത്തുക വാങ്ങിക്കുകയായിരുന്നു. സമ്മാനം ലഭിക്കാതിരുന്ന 303667 എന്ന നമ്പർ വിദഗ്ധമായി 1000 രൂപ സമ്മാനമുള്ള 303007 നമ്പറാക്കി തിരുത്തിയാണ് ഇവര്‍ ബാബുവിനെ സമീപിച്ചത്. ആറ് എന്ന അക്കത്തെ ചുരണ്ടലും കൂട്ടിച്ചേര്‍ക്കലുമായി പൂജ്യമാക്കി മാറ്റുകയായിരുന്നു. സമ്മാനത്തുകയായ 1000 രൂപയില്‍ പുതിയ 15 ടിക്കറ്റും ബാക്കി പണവും വാങ്ങിയാണ് സ്ഥലംവിട്ടത്. ഇവര്‍ തിടുക്കംകൂട്ടുന്നതില്‍ സംശയം തോന്നിയ ലോട്ടറി വില്‍പനക്കാരന്‍ ടൗണിലെ ലോട്ടറി സ്റ്റാളിലെത്തി ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിവരമറിഞ്ഞയുടന്‍ ഇവരെ അന്വേഷിച്ചിറങ്ങിയ പയ്യന്നൂര്‍ എസ്‌.ഐ കെ.പി. ഷൈനും സംഘവും പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ഇരുവരേയും പിടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.