സഹായത്തിന് കാത്തിരിക്കാതെ ആദിദേവ് യാത്രയായി

മട്ടന്നൂര്‍: അപൂര്‍വരോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നര വയസ്സുകാരന്‍ സര്‍ക്കാര്‍സഹായത്തിന് കാത്തിരിക്കാതെ യാത്രയായി. മട്ടന്നൂര്‍ നഗരസഭയിലെ ഇടവേലി കാനത്തില്‍ ഗീത നിവാസില്‍ കെ. ശശിധരന്‍-പി.എം. സജിനി ദമ്പതികളുടെ ഇളയമകൻ ആദിദേവാണ് മരണത്തിന് കീഴടങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. എപ്പിഡര്‍മോളിസിസ് ഡുള്ളോസ എന്ന അപൂര്‍വരോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിദേവ്. പ്രസവിച്ച അഞ്ചാം ദിവസമാണ് കുഞ്ഞിന് അസുഖം കണ്ടെത്തിയത്. ശരീരത്തില്‍ വലിയ കുരു വന്ന് പൊട്ടിയൊലിക്കുകയായിരുന്നു. ഇതുകാരണം വസ്ത്രം ധരിക്കാനും കിടക്കാനും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് പരിയാരം, കോഴിക്കോട്, തിരുവനന്തപുരം, മണിപ്പാല്‍ മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സ നടത്തിയെങ്കിലും ഭേദമായില്ല. ആദിദേവി​െൻറ അസുഖം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വീട് സന്ദര്‍ശിച്ച് ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ചികിത്സക്ക് കാത്തുനില്‍ക്കാതെ ആദിദേവ് യാത്രയായി. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഇതുവരെ ചികിത്സ നടന്നത്. അനാമിക ഏക സഹോദരിയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.