കേളകം: സമീപകാലത്തൊന്നും അനുഭവപ്പെടാത്ത രീതിയിൽ കനത്ത മഴ മലയോരത്തിെൻറ വിവിധ ഭാഗങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലാക്കി. തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന മഴയിൽ ചീങ്കണ്ണിപ്പുഴയും ബാവലിപ്പുഴയും കവിഞ്ഞു. ഏക്കർകണക്കിന് കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. തുണ്ടിയിൽ, മടപ്പുരച്ചാൽ, ഓടംതോട്, പുന്നപ്പാലം, കുനിത്തല, പെരുമ്പുന്ന, കാക്കയങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. അടക്കാത്തോട് ശാന്തിഗിരിയിൽ മണ്ണും പാറയും ഇടിഞ്ഞ് വീടിന് ഭാഗികമായി കേടുപറ്റി. ഏഴു പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ല കലക്ടർ അവധി നൽകിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി. കേളകം, കൊട്ടിയൂർ, കണിച്ചാർ, മുഴക്കുന്ന്, തില്ലങ്കേരി, കോളയാട്, ചിറ്റാരിപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്. മലയോരത്തെ പല റോഡുകളും വെള്ളത്തിലായി. അടക്കത്തോട്, ശാന്തിഗിരി മേഖലയിൽ മലവെള്ളപ്പാച്ചിലിൽ ചാപ്പത്തോടിന് കുറുകെ നിർമിച്ച 50 മീറ്ററോളം ആനപ്രതിരോധ മതിൽ തകർന്നു. ബാവലിപ്പുഴ കവിഞ്ഞൊഴുകിയതോടെ പുഴക്കരയിലെ ഏക്കർകണക്കിന് പ്രദേശങ്ങളിൽ വെള്ളം കയറി. കൊട്ടിയൂർ-പേരാവൂർ റോഡിലും പേരാവൂർ-തലശ്ശേരി റോഡിലും പേരാവൂർ ഇരിട്ടി റോഡിലും വെള്ളം കയറി. കാക്കയങ്ങാട് ആറളം ഫാം പാലപ്പുഴ പാലം കവിഞ്ഞൊഴുകി. രാവിലെ 11ഒാടെയാണ് മഴയുടെ ശക്തി കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.