കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം സ്‌പോര്‍ട്‌സ് കോംപ്ലക്‌സായി മാറാൻ തയാറെടുക്കുന്നു. 49 കോടി രൂപയുടെ പദ്ധതിയാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നീന്തല്‍ക്കുളം, കളരി ആയുര്‍വേദ സെൻറര്‍, ആണ്‍കുട്ടികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സൗകര്യം, സൈക്കിള്‍ പരിശീലനകേന്ദ്രം, പുതിയ ടെന്നിസ് കോര്‍ട്ട്, 350 പേര്‍ക്കുള്ള താമസസൗകര്യം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയവും പ്രാക്ടീസ് കോര്‍ട്ടും അത്യാധുനിക ജിംനേഷ്യവും ഉണ്ട്. സമഗ്ര കായികപരിശീലനത്തിന് സൗകര്യമൊരുക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കേരള ഇന്‍ഫ്രാസ്‌ട്രക്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) പദ്ധതി സമര്‍പ്പിച്ചു. ഇതിനായുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ സമര്‍പ്പിച്ച പദ്ധതി ആഗസ്റ്റില്‍ നടക്കുന്ന ബോര്‍ഡ് യോഗം ചർച്ച ചെയ്യും. മുമ്പ് നീന്തല്‍ക്കുളം മാത്രം നിര്‍മിക്കാനുള്ള പദ്ധതിയായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്നോട്ടുവെച്ചത്. 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള നീന്തല്‍ക്കുളം നിര്‍മിക്കാമെന്ന പദ്ധതിയില്‍നിന്ന് പിന്നീട് പിന്മാറുകയായിരുന്നു. അഞ്ചു കോടി രൂപയാണ് അന്ന് വകയിരുത്തിയത്. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ്, ചാല ചിന്മയവിദ്യാലയം, മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ മാത്രമേ മത്സരത്തിന് പറ്റിയ നീന്തല്‍ക്കുളമുള്ളൂ. ഈ നീന്തല്‍ക്കുളങ്ങള്‍ക്കൊന്നും അന്താരാഷ്ട്രമത്സരങ്ങള്‍ക്ക് വേദിയാകാനുള്ള നിലവാരമില്ല. കക്കാട് നീന്തല്‍ക്കുളം വന്‍കിട മത്സരത്തിന് പറ്റിയതുമല്ല. പേക്ഷ, ഇക്കാരണത്താല്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ട നീന്തല്‍ക്കുളത്തില്‍നിന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ മാസ്റ്റര്‍പ്ലാൻ പദ്ധതിയിലെത്തുകയായിരുന്നു. നിലവില്‍ മുണ്ടയാട് ടെന്നിസ്, ടേബിള്‍ ടെന്നിസ്, ബാഡ്മിൻറൺ, ബാസ്‌കറ്റ് ബാള്‍, ഗുസ്തി, ബോക്‌സിങ് തുടങ്ങിയ ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യമുണ്ട്. നിലവില്‍ ദേശീയ, രാജ്യാന്തര മത്സരങ്ങള്‍ക്ക് മുണ്ടയാട് സ്‌റ്റേഡിയം വേദിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.