പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പുലർച്ച നടന്നുപോകുന്നവർക്ക് സ്റ്റേഷനു സമീപത്തെ വിശാലമായ മൈതാനത്തുനിന്ന് നിത്യവും ഒരു കളിയാരവം കേൾക്കാം. പന്തുകളിയുടെ ബാലപാഠം അഭ്യസിക്കുന്ന അമ്പതോളം കുരുന്നുകളാണ് മൈതാനം നിറയെ. ഒപ്പം കളിയുടെ മർമം പറഞ്ഞുകൊടുക്കാൻ ഗുരു രാജൻ കുഞ്ഞിമംഗലവും ഉണ്ടാവും. രണ്ടു പതിറ്റാണ്ടായി കളിപാഠം തുടങ്ങിയിട്ട്. തികച്ചും സൗജന്യമായാണ് പരിശീലനം എന്നറിയുമ്പോഴാണ് ഈ കളിക്കളരി ചരിത്രത്തിൽ ഇടംനേടുന്നത്. രാജൻ സ്വന്തമായി രൂപവത്കരിച്ച രാജൻ ബ്രദേഴ്സ് എന്ന ക്ലബിെൻറ ബാനറിലാണ് വോളിബാൾ പഠിപ്പിക്കുന്നത്. രാജൻ മാത്രമാണ് പരിശീലകൻ. രാജെൻറ കളരിയിൽനിന്ന് വോളിബാളിൽ പരിശീലനം നേടിയ നിരവധി കായികതാരങ്ങൾ സംസ്ഥാനതലത്തിലും സർവകലാശാല മത്സരങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ജോലിത്തിരക്കിനിടയിലും പരിശീലനത്തിന് ഇദ്ദേഹം സമയം കണ്ടെത്തുന്നു. രാവിലെ ആറുമുൽ എട്ടുവരെയുള്ള സമയം നാടിെൻറ കായിക പുരോഗതിക്കുവേണ്ടി മാറ്റിവെക്കുന്നതിൽ അഭിമാനമുണ്ടെന്ന് രാജൻ പറയും. രാജൻ ബ്രദേഴ്സിലെ പഠിതാക്കൾ കുഞ്ഞിമംഗലം ഗ്രാമത്തിൽ മാത്രം ഒതുങ്ങുന്നില്ല. സമീപത്തെ നിരവധി പഞ്ചായത്തിലും പയ്യന്നൂർ നഗരസഭയിലും ഉള്ളവർവരെ പഠിക്കാനെത്തുന്നു. കുട്ടികൾക്ക് ലഘുഭക്ഷണവും ജഴ്സിയും വരെ സ്വന്തം ചെലവിൽ നൽകാനും മടിക്കാറില്ല. ഇതുവരെ സർക്കാറിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. എന്നാൽ, ഈ വേനൽക്കാല പരിശീലനത്തിന് പിലാത്തറ റോട്ടറി ക്ലബിെൻറ സഹകരണം ലഭിച്ചതായി രാജൻ പറഞ്ഞു. കായികരംഗത്തിന് സർക്കാർ കോടികൾ ബജറ്റിൽ മാറ്റിവെക്കുേമ്പാഴും ഇത്തരം പരിശീലകരെയും പരിശീലനകേന്ദ്രങ്ങളെയും സർക്കാർ അവഗണിക്കുകയാണെന്ന് രാജൻ പറയും. മഴക്കാലമായാൽ പന്തുകളി പരിശീലനത്തിന് ചെറിയ ഇടവേളയുണ്ട്. അപ്പോൾ കുട്ടികളുമായി രാജൻ കുളത്തിലിറങ്ങും. ശാസ്ത്രീയ നീന്തൽ പരിശീലനത്തിനുവേണ്ടി. ഇങ്ങനെ നീന്തൽ പഠിച്ചവരും അനവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.