കരിന്തളം പാലിയേറ്റിവ് പരിചരണ സമുച്ചയം കോളജിന് കൈമാറാൻ നീക്കം

കരിന്തളം: ജില്ലയിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ച കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് 1.65 കോടി രൂപ ചെലവിട്ട് നിർമിച്ച സമുച്ചയം നിർദിഷ്ട കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജിന് കൈമാറാൻ അണിയറ നീക്കം സജീവമായി. കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റി കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിന് കൈമാറിയ അരയേക്കർ ഭൂമിയിലാണ് എൻഡോസൾഫാൻ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യപ്രദമായ കെട്ടിടം പണിതത്. കൊല്ലമ്പാറ-കാലിച്ചാമരം പാതയോരത്താണിത്. പാലിയേറ്റിവ് പരിചരണ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടം നിർമിക്കുന്നതിനാണെന്ന് ഫണ്ടനുവദിക്കുമ്പോൾതന്നെ നബാർഡ് രേഖകളിൽ വ്യക്തമാക്കിയിരുന്നു. ജില്ലയിൽ പാലിയേറ്റിവ് പരിചരണത്തിന് കേന്ദ്രം നിർമിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശപ്രകാരം പണിത സമുച്ചയത്തിൽ 16 കിടക്കകൾ ഇടാനുള്ള ഐ.പി സൗകര്യം, വിശാലമായ ഒ.പി, അനേകം മുറികൾ എന്നിവയുണ്ട്. പാലിയേറ്റിവ് കെയർ പരിശീലനം, പുനരധിവാസ തൊഴിൽ പരിശീലനം എന്നിവക്കുള്ള സൗകര്യവുമുണ്ട്. കെട്ടിടം രോഗികൾക്ക് തുറന്നുകിട്ടുന്നതോടെ ജില്ലയിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഏകോപന കേന്ദ്രമാക്കി ഇതിനെ മാറ്റാൻ കഴിയും. ഡോക്ടർ, നഴ്സ്, വളൻറിയർ തുടങ്ങിയവർക്കുള്ള പാലിയേറ്റിവ് പരിശീലനം ഇവിടെ നൽകാനാവും. പൂർണമായും ജനങ്ങളിൽനിന്നും പിരിവെടുത്ത് വാങ്ങിയ 94 സ​െൻറ് ഭൂമിയിൽനിന്നാണ് അരയേക്കർ സ്ഥലം കെട്ടിടം പണിയുന്നതിനായി പഞ്ചായത്തിന് കൈമാറിയത്. പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളിൽ 2006 മുതൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ജില്ലയിലെ പ്രഥമ ജനകീയ സൊസൈറ്റിയിൽ ഇപ്പോൾ 800 മെംബർമാരുണ്ട്. ഒരു വീട്ടിൽനിന്നും കുറഞ്ഞത് ഒരംഗം എന്ന രീതിയിൽ സൊസൈറ്റിയിൽ അംഗമാണ്. പരിചരണം കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ്, കാത്തിരുന്ന് കിട്ടിയ കെട്ടിടം അന്യാധീനപ്പെടുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ച് വിവിധ പദ്ധതികളാണ് കരിന്തളം സൊസൈറ്റി നടപ്പാക്കിവരുന്നത്. ദീർഘകാല പരിചരണം ആവശ്യമായ ആയിരക്കണക്കിന് രോഗികളുടെ ആശാകേന്ദ്രമാണ് കോളജിന് കൈമാറുന്നതിലൂടെ ഇല്ലാതാവുക. കെട്ടിടം പൂർത്തീകരിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും രോഗികൾക്ക് പ്രയോജപ്പെടാത്തതുസംബന്ധിച്ച് സൊസൈറ്റിയിൽ നടന്ന ചർച്ചകളെ തുടർന്ന് പി. കരുണാകരൻ എം.പിയെ സമീപിച്ചപ്പോഴാണ് 'താൽക്കാലികമായി' കോളജിന് കൈമാറാൻ തീരുമാനിച്ച വിവരം സൊസൈറ്റി ഭാരവാഹികൾ അറിയുന്നത്. ആരോഗ്യമേഖലയിൽ പിന്നാക്കം നിൽക്കുന്ന പ്രദേശത്തെ സാന്ത്വന പരിചരണ കേന്ദ്രം കോളജിന് കൈമാറാൻ പാർട്ടി തലത്തിൽ നേരത്തെതന്നെ തീരുമാനം കൈക്കൊണ്ടതായി സൂചനയുണ്ട്. ദീർഘകാല പരിചരണം ആവശ്യമായ രോഗികൾക്ക് ആശ്വാസമാകുന്നതിന് വേണ്ടിയാണ് സൊസൈറ്റി ഭൂമി ഉപാധികളില്ലാതെ പഞ്ചായത്തിന് കൈമാറിയത്. ഉദ്ഘാടനം വൈകുന്നത് സംബന്ധിച്ച അന്വേഷണങ്ങൾക്ക്, വൈദ്യുതീകരണം പൂർത്തിയായിട്ടില്ല എന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചത്. കരിന്തളം പഞ്ചായത്ത് വായനശാലയോട് ചേർന്നുള്ള സൗകര്യത്തിലാണ് ഇപ്പോൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. സൗജന്യ ഒ.പിയും മരുന്നു വിതരണവും പരിചരണ, തൊഴിൽ പരിശീലന പരിപാടികളും ഇവിടെയാണ് നടന്നുവരുന്നത്. അസൗകര്യങ്ങൾ ഉടൻ മാറുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോളജിന് കൈമാറാനുള്ള നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.