കാസർകോട്: ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. വലിയപറമ്പ്, ബേക്കൽ, തൃക്കണ്ണാട്, കോട്ടിക്കുളം, കീഴൂർ, കോയിപ്പാടി, ഉപ്പള മുസോടി കടൽതീരങ്ങളിലാണ് കടൽക്ഷോഭമുണ്ടായത്. പലയിടത്തും തിരമാലകൾ കടലിൽനിന്ന് 20 മീറ്ററോളം ദൂരത്തിൽ കരയിലേക്ക് അടിച്ചുകയറി. രണ്ട് മീറ്ററോളം ഉയരത്തിൽ ഉയർന്നുപൊങ്ങിയാണ് തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബേക്കലിൽ കടൽഭിത്തി കടന്ന് 25 മീറ്ററോളം കരയിലേക്ക് തിരമാലകൾ വീശിയടിച്ചു. മത്സ്യത്തൊഴിലാളികൾ തോണികളും വലകളും മറ്റും കടപ്പുറത്തുനിന്ന് കരയിലേക്ക് അടുപ്പിച്ചുവെച്ചിരിക്കുകയാണ്. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിെൻറ ഉത്സവവേളയിൽ പള്ളിവേട്ടക്ക് ഉപയോഗിക്കുന്ന മണ്ഡപത്തിനു സമീപത്തുവരെ തിരകളടിച്ചു കയറി. ഇൗഭാഗത്ത് കരയിടിഞ്ഞനിലയിലാണ്. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി ബാലൻ, പഞ്ചായത്തംഗം ശംഭു ബേക്കൽ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത്, ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻറ് യു.എസ്. ബാലന്‍ തുടങ്ങിയവര്‍ തൃക്കണ്ണാട് തീരം സന്ദര്‍ശിച്ചു. ബേക്കല്‍ പൊലീസും പരിസര പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരത്ത് തമ്പടിച്ചിട്ടുണ്ട്. രണ്ടുദിവസമായി തുടരുന്ന കടൽക്ഷോഭം ഞായറാഴ്ച വൈകീേട്ടാടെയാണ് രൂക്ഷമായത്. ഇതുകാരണം ബേക്കൽ കോട്ടിക്കുളം, പള്ളിക്കര ഭാഗങ്ങളിൽനിന്ന് മത്സ്യത്തൊഴിലാളികളാരും കടലിൽ പോയിരുന്നില്ല. തീരത്ത് താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഇത്ര രൂക്ഷമായ കടൽക്ഷോഭം കണ്ടിട്ടില്ലെന്ന് ബേക്കലിലെ മത്സ്യത്തൊഴിലാളി സജീവൻ പറയുന്നു. കീഴൂർ അഴിമുഖത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ ശക്തമായ നീരൊഴുക്കിൽപെട്ടു. പല വള്ളങ്ങളുടെയും നങ്കൂരം പൊട്ടിയനിലയിലാണ്. ശക്തമായ തിരമാലയിൽപെട്ട് തോണികൾ പരസ്പരം കൂട്ടിയിടിച്ചും തകരാറ് സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.