ഉൾഗ്രാമങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകം

ശ്രീകണ്ഠപുരം: മലയോര മേഖലയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന തകൃതിയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറോളം പേരെയാണ് എക്സൈസ്, പൊലീസ് അധികൃതർ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ചെക്ക്പോസ്റ്റുകളിൽ കൈമടക്ക് നൽകുന്നതിനാൽ അതിർത്തി കടന്നുവരുന്ന കഞ്ചാവ് പിടികൂടാറില്ല. വാടക ഷെഡിൽ ഒളിച്ചുെവച്ചാണ് മറുനാടൻ സംഘം ആവശ്യക്കാർക്ക് വിൽക്കുന്നത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ രണ്ട് ഒഡിഷ സ്വദേശികളെ ശ്രീകണ്ഠപുരം എക്സൈസ് സംഘം മാസങ്ങൾക്കുമുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകണ്ഠപുരം, ആലക്കോട്, ഇരിട്ടി, കൂത്തുപറമ്പ്, പാപ്പിനിശ്ശേരി, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ എക്സൈസ് ഓഫിസ് പരിധികളിലാണ് ഏറ്റവുമധികം കഞ്ചാവ് വേട്ട കഴിഞ്ഞ വർഷം നടന്നത്. ഇടുക്കി, കുമ്പള, ആന്ധ്ര, അസം, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്. ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്ത് പിടികൂടാൻ റെയിൽവേ പൊലീസും മെനക്കെടുന്നില്ല. അവധിക്കാലമായതോടെ വിദ്യാർഥികൾക്ക് ചെറിയ തുകയും ബൈക്കും നൽകി കഞ്ചാവ് വിവിധയിടങ്ങളിൽ എത്തിക്കുന്നുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളും ജിംനേഷ്യങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നുള്ള അശ്രദ്ധ കൊണ്ട് കഞ്ചാവ് ലോബിയുടെ കെണിയിൽപ്പെട്ട പ്രായപൂർത്തിയാവാത്ത നിരവധി കുട്ടികളെ അധികൃതർ പിടികൂടിയിരുന്നു. കേസെടുക്കില്ലെന്നറിയുന്നതിനാലാണ് കഞ്ചാവ് ലോബി ചെറിയ കുട്ടികളെ പോലും വിൽപനക്കാരാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.