കണ്ണൂർ-പഴയങ്ങാടി-പയ്യന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് തുടങ്ങി കണ്ണൂർ: കേരളത്തിലെ പല ഡിപ്പോകളിലും നിര്‍മാണ പ്രവൃത്തി പാതിയില്‍ നിലച്ച സ്ഥിതിയിലാണെന്നും ഇത് പരിശോധിക്കുന്നതിന് സബ് കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കണ്ണൂർ--പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചെയിന്‍ സര്‍വിസ് കണ്ണൂരില്‍ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ഡിപ്പോയുടെ നിര്‍മാണ പ്രവൃത്തിയും ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. കരാറുകാരെൻറ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പണി പൂര്‍ത്തിയാക്കാന്‍ കുറച്ചുകൂടി സമയം നല്‍കും. അതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയിന്‍ സര്‍വിസ് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഉദ്ഘാടന പരിപാടിക്ക് വേണ്ട ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയതില്‍ മന്ത്രി ഡിപ്പോയിലെ ജീവനക്കാരെ ചടങ്ങില്‍ വിമര്‍ശിച്ചു. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ആറ് ബസുകളും പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് അഞ്ച് ബസുകളുമാണ് പുതുതായി സര്‍വിസ് നടത്തുന്നത്. ചെയിന്‍ സർവിസിലൂടെ കണ്ണൂരില്‍നിന്ന് പയ്യന്നൂരില്‍ എത്തിച്ചേരാന്‍ എട്ട് കിലോമീറ്റര്‍ ദൂരം കുറഞ്ഞുകിട്ടുന്നതോടൊപ്പം യാത്രക്കാര്‍ക്ക് യാത്രാസമയം ലാഭിക്കാനുമാവും. വൈകീട്ട് ചെറുകുന്നിലും പഴയങ്ങാടിയിലും ബസുകള്‍ക്ക് ജനകീയ സ്വീകരണം നല്‍കി. 16 വര്‍ഷം മുമ്പ് 12 ബസുകള്‍ സര്‍വിസ് നടത്തിയെങ്കിലും പിന്നീട് ഓരോന്നായി സര്‍വിസ് നിര്‍ത്തിവെക്കുകയായിരുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കെ.എസ്.ആർ.ടി.സി ബസ് സര്‍വിസ് പുനരാരംഭിക്കുന്നത്. നേരത്തേ തന്നെ ദേശസാത്കൃത റൂട്ടായി പ്രഖ്യാപിച്ച പാപ്പിനിശ്ശേരി -പിലാത്തറ വഴി കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി മൂന്നോ നാലോ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് ഉണ്ടായത്. 11 പുതിയ ബസുകളോടൊപ്പം നിലവില്‍ പയ്യന്നൂരില്‍ നിന്നു പുലര്‍ച്ച ഒരു ബസ് കൂടി സര്‍വിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.