പേരാവൂർ: ആർ.എസ്.എസ് പ്രവർത്തകൻ കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കൂത്തുപറമ്പ് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആയിരം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 120 സാക്ഷികളാണുള്ളത്. പ്രതികളുടെ വസ്ത്രത്തിലും ചെരിപ്പിലും ആയുധങ്ങളിലുമുണ്ടായിരുന്ന രക്തം ഡി.എൻ.എ പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ അയച്ചിരുന്നു. പരിശോധനഫലം പ്രതികൾതന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ സഹായിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഇരുപതോളം സാമ്പിളുകളാണ് അന്വേഷണസംഘം ഡി.എൻ.എ പരിശോധനക്കയച്ചത്. കൂടാതെ പ്രതികളുടെ ഫോൺരേഖകളിൽനിന്നും ഇവർ കൃത്യത്തിൽ ഉൾപ്പെട്ടത് തെളിഞ്ഞതായും പറയുന്നു. പേരാവൂർ സി.ഐ എ. കുട്ടികൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് 85 ദിവസത്തിനകമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, സ്വാഭാവിക ജാമ്യം ലഭിക്കാനിടയുള്ള സാഹചര്യത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെ ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. സി.പി.എം കാക്കയങ്ങാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപന്‍ വധക്കേസ് പ്രതി പാറക്കണ്ടം സ്വദേശി മുഹമ്മദ് (35), മിനിക്കോല്‍ സലീം (26), നീര്‍വേലി സ്വദേശി സമീറ മന്‍സിലില്‍ അമീര്‍ (25), പാലയോട് സ്വദേശി തെക്കെയില്‍വീട്ടില്‍ ഷഹീം (39) എന്നിവരെ സംഭവം നടന്ന് മണിക്കൂറുകൾക്കകം വയനാട് ജില്ലയിലെ തലപ്പുഴയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. മറ്റൊരു പ്രതി കൂത്തുപറമ്പ് നീര്‍വേലിയിലെ ഹസീന മന്‍സിലില്‍ എം.എന്‍. ഫൈസലിനെ (24) കഴിഞ്ഞ ആഴ്ചയാണ് പൊലീസ് പിടികൂടിയത്. ഇൗ അഞ്ചുപേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പിടിയിലായ പ്രതികൾ പോപുലർഫ്രണ്ടിെൻറ പ്രവർത്തകരും സ്ഥാനങ്ങൾ വഹിക്കുന്നവരുമാണ്. കൊലപാതകത്തിൽ പോപുലർഫ്രണ്ടിെൻറ ഉരുവച്ചാൽ ഡിവിഷന് കീഴിലുള്ള കണ്ണവം ഏരിയ കമ്മിറ്റിക്ക് കൃത്യമായ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിെൻറ ഗൂഢാലോചന സംബന്ധിച്ച് പോപുലർഫ്രണ്ട് പ്രവർത്തകരായ എട്ടോളം പേർക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നതായാണ് സൂചന. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രേരണ, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കൊലപാതകവിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന് പ്രദേശവാസിയായ ഒരാള്‍ നല്‍കിയ വിവരമാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.