ഇൗ സാഹസം എന്ന്​ അവസാനിക്കും

ചിത്താരി (കാസർകോട്): ചാലിങ്കാൽ -ചാമുണ്ഡിക്കുന്ന് ജില്ല പഞ്ചായത്ത് റോഡിൽനിന്ന് കെ.എസ്.ടി.പി റോഡിലേക്ക് വാഹനങ്ങൾക്ക് കയറണമെങ്കിൽ അതിസാഹസംതന്നെ വേണം. നിലവിലെ റോഡിൽ നിന്ന് രണ്ട് മീറ്ററോളം ഉയരത്തിൽ നിർമിച്ച കെ.എസ്.ടി.പി റോഡിലേക്ക് വാഹനങ്ങൾക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. ഉയരമുള്ള വാഹനങ്ങൾ കഷ്ടിച്ച് കടന്നുകൂടും. ഉയരം കുറഞ്ഞവയാണെങ്കിൽ അടിതട്ടി കുലുങ്ങിയും ചരിഞ്ഞും ഇളകിയാടി അതിസാഹസം കാണിച്ചുവേണം കയറാൻ. പലേടത്തും പല പണികളും ബാക്കിവെച്ച് മുടന്തിനീങ്ങുന്ന കാഞ്ഞങ്ങാട്, കാസർകോട് കെ.എസ്.ടി.പി റോഡിൽ അപകടമരണം 30നോടടുത്ത് എത്തിയെങ്കിലും അതിലും കൂടാത്തത് ഡ്രൈവർമാർ ശ്രദ്ധിച്ച് വണ്ടിയോടിക്കുന്നതുകൊണ്ടാണ്. അപകടവക്കിൽ നിർമാണം നിർത്തിവെക്കുന്നത് കെ.എസ്.ടി.പിയുടെ രീതിയായി മാറിയിരിക്കുന്നു. വാഹനങ്ങൾക്ക് മുഖ്യറോഡിലേക്ക് കയറിവരാൻ സൗകര്യപ്രദമായ നിലയിൽ കട്ട്റോഡുകൾ ഉയർത്തണമെന്നാണ് വ്യവസ്ഥ. ഇത് റോഡ്പ്രവൃത്തിയോടൊപ്പംതന്നെ നടത്തണം. എന്നാൽ, ചാമുണ്ഡിക്കുന്ന് ജങ്ഷനിൽ വാഹനങ്ങളുടെ അടിതട്ടുന്നനിലയിൽ റോഡ് ഉയർന്നുനിൽക്കുകയാണ്. 2013ൽ തുടങ്ങിയ കാഞ്ഞങ്ങാട് -കാസർകോട് റോഡ്പ്രവൃത്തി ഇനിയും അവസാനിച്ചില്ല. രണ്ടുവർഷംകൊണ്ട് 2015 ജൂലൈയിൽ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. മൂന്നുവർഷം അധികമെടുത്തിട്ടും പണി തുടരുകയാണ്. 80 ശതമാനം പണവും സർക്കാർ നൽകിക്കഴിഞ്ഞു. ലോക ബാങ്കിൽനിന്ന് കടമെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഫണ്ട് ഒാേരാ ഘട്ടത്തിലും പ്രവൃത്തി കഴിഞ്ഞ രണ്ടുമാസത്തിനകം കരാറുകാർക്ക് ലഭിക്കും. ആവശ്യമായ തൊഴിലാളികളെ നിയമിക്കാതെയും സാധന സാമഗ്രികൾ ഇറക്കാതെയും പണി നീട്ടിക്കൊണ്ടുപോവുകയാണ് കരാറുകാർചെയ്യുന്നത്. ഒാവുചാലുകൾ പലേടത്തും മുറിഞ്ഞുകിടക്കുന്നു. സ്ലാബ് മൂടിയിട്ടില്ല. കാഞ്ഞങ്ങാട് നഗരത്തിലാണ് പ്രവൃത്തി ഏറെയും ബാക്കിയുള്ളതെന്ന് എൻജിനീയറിങ് വിഭാഗം പറഞ്ഞു. 27.06 കിലോമീറ്റർ നീളമാണ് കാസർകോട്- കാഞ്ഞങ്ങാട് റോഡിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.