കീഴാറ്റൂർ ദേശീയപാത സ്​ഥലമെടുപ്പ്​: സമവായം ഉണ്ടാവുന്നതുവരെ പുതിയ വിജ്ഞാപനം ഇറക്കില്ലെന്ന് സര്‍ക്കാർ; സമരം ഇന്ന് അവസാനിച്ചേക്കും

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി തളിപ്പറമ്പ് കീഴാറ്റൂരിൽ നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമവായം ഉണ്ടാവുന്നതുവരെ പുതിയ വിജ്ഞാപനം ഇറക്കില്ലെന്ന് സമരം നടത്തുന്നവർക്ക് സർക്കാറി​െൻറ ഉറപ്പ്. ബദല്‍മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ജില്ല കലക്ടര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, െജയിംസ് മാത്യു എം.എൽ.എ എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കുമെന്നും സമരക്കാരെ മന്ത്രി അറിയിച്ചു. സമരസമിതി നേതാക്കളുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ അധ്യക്ഷതയില്‍ തലസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നിര്‍ദിഷ്ട അലൈന്‍മ​െൻറില്‍തന്നെ ബൈപാസ് നിര്‍മിക്കുമെന്ന മുന്‍നിലപാടില്‍ അയവുവരുത്താന്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തയാറായി. സര്‍ക്കാറിന് ദേശീയപാതെയക്കാള്‍ പ്രധാനം ജനങ്ങളാണെന്ന് ചർച്ചക്കു ശേഷം മന്ത്രി സുധാകരന്‍ പ്രതികരിച്ചു. ദേശീയപാതയുടെ കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍, പ്രദേശവാസികളുടെ ആശങ്ക മനസ്സിലാക്കുന്നു. വയല്‍ സംരക്ഷിക്കുകതന്നെ വേണം. വയലിന് വീതി കുറവാണെന്നതും സമീപത്ത് വീടുകളുണ്ടെന്നതും പരിഗണിക്കും. നീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിച്ചുകൊണ്ട് ബദല്‍മാര്‍ഗത്തെപ്പറ്റി ആലോചിക്കും. കേരളത്തില്‍ നന്ദിഗ്രാം ഉണ്ടാകാന്‍ സമ്മതിക്കില്ല. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു മുൻവിധിയുമില്ല. നാലുവരിപ്പാതക്ക് 25 മീറ്റര്‍ മതിയെന്നായിരുന്നു മുന്‍ എൽ.ഡി.എഫ് സര്‍ക്കാറി​െൻറ നിലപാട്. എന്നാല്‍, 65 മീറ്റര്‍ വേണമെന്ന് കേന്ദ്രം നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 45 മീറ്ററാക്കി മാറ്റുകയായിരുന്നു. വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടിവന്നാല്‍ നഷ്ടപരിഹാരം നല്‍കും. ആദ്യം തളിപ്പറമ്പ് പൂക്കോത്ത് തെരുവിലൂടെയാണ് ബൈപാസ് തീരുമാനിച്ചിരുന്നത്. 150ഓളം വീടുകള്‍ ഒഴിപ്പിക്കുകയും അതുവഴി പ്രദേശംതന്നെ ഇല്ലാതാവുകയുംചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് കീഴാറ്റൂരിലൂടെ ആലോചിച്ചത്. ഹരിതകേരളമെന്ന മുദ്രാവാക്യമാണ് സര്‍ക്കാറിേൻറതെന്നും ആള്‍ക്കൂട്ടത്തെ ഭയന്നല്ല ഇപ്പോഴത്തെ തീരുമാനമെന്നും ജി. സുധാകരന്‍ പറഞ്ഞു. തളിപ്പറമ്പ് എം.എൽ.എ ജെയിംസ് മാത്യു, സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജൻ, സമരസമിതി നേതാക്കളായ നോബിള്‍ പൈക്കട, സി. സുരേഷ്, ദേശീയപാത അതോറിറ്റി റീജനല്‍ ഓഫിസര്‍ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, മന്ത്രിയുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുന്ന കാര്യം ചർച്ചയിൽ പങ്കെടുത്തവർ തിരിെച്ചത്തിയശേഷം, ഐക്യദാർഢ്യ സമിതി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് സമരസമിതി പ്രവർത്തകർ കീഴാറ്റൂരിൽ അറിയിച്ചു. യോഗതീരുമാനം അറിഞ്ഞതോടെ ഗ്രാമം ഒന്നാകെ ആഹ്ലാദത്തിലായി. 500ഓളം വരുന്ന നാട്ടുകാർ പടക്കംപൊട്ടിച്ച് പ്രകടനം നടത്തി. നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സെപ്റ്റംബർ 10 മുതൽ നാട്ടുകാർ സമരത്തിനിറങ്ങിയത്. നെല്‍വയലും തണ്ണീര്‍ത്തടവും നശിപ്പിച്ചുകൊണ്ട് ദേശീയ പാത നിര്‍മാണം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി അനുഭാവികൾ തന്നെ സമരം തുടങ്ങിയത്. പാര്‍ട്ടി ജില്ല നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ബി.ജെ.പി, സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികൾ സമരത്തിന് പിന്തുണയുമായി എത്തുകയുംചെയ്തു. ഇതേ തുടര്‍ന്നാണ് സര്‍ക്കാറി​െൻറ പെെട്ടന്നുള്ള ഇടപെടലുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.