അർബുദ രോഗികൾക്ക്​ വിഗ്ഗ്​​; കേശദാന രംഗത്തും വ്യാജന്മാർ

കണ്ണൂർ: അർബുദ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനായി കേശദാന ക്യാമ്പുകൾ നടത്തി വ്യാജ സംഘം തട്ടിപ്പ് നടത്തുന്നതായി പരാതി. ഇതുസംബന്ധിച്ച് മയ്യിൽ ഒറപ്പടി കലാകൂട്ടായ്മ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ജില്ലയിൽ ഒേട്ടറെ സ്ഥലങ്ങളിൽ ഇൗ സംഘം തട്ടിപ്പ് നടത്തിയതായും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകളെ ഇതിന് കരുവാക്കുന്നതായും അവർ ആരോപിച്ചു. അർബുദ രോഗികളായ സ്ത്രീകൾക്ക് വിഗ്ഗ് നിർമിക്കുന്നതിനെന്ന പേരിലാണ് കോളജുകളും സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് കേശദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളെ ഇതിന് കരുവാക്കുകയും ചെയ്യുന്നു. ഒാരോ ക്യാമ്പിലും 20 മുതൽ 100 വരെ ആളുകളുടെ മുടിവരെ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വിഗ്ഗ് നിർമിക്കുന്നതിന് ചുരുങ്ങിയത് 12 ഇഞ്ച് നീളത്തിലെങ്കിലും മുടി ആവശ്യമാണ്. എന്നാൽ, ഇത്തരം ക്യാമ്പുകളിൽ ആറ് ഇഞ്ച്് മുടിയാണ് ശേഖരിക്കുന്നത്. കോടികൾ മറിയുന്ന ഹെയർ ഫിക്സിങ് മേഖലയിലാണ് ഇൗ മുടി പോകുന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കേശദാന ക്യാമ്പിൽ തൃശൂരിലെ ആശുപത്രിയിലേക്ക് മുടി സംഭാവന ചെയ്യാനാണ് എന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ക്യാമ്പ് നടത്താൻ കേരളത്തിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഇൗ വിവരവും പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലബാർ മേഖലയിൽ പല പേരുകളിൽ ഒരാൾ തന്നെയാണ് മുടി ശേഖരിക്കുന്നതെന്നും സംശയമുണ്ട്. ഇതിനുപിന്നിലെ ചതി അറിയാതെ പല സന്നദ്ധ സംഘടനകളും വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനമെന്ന രീതിയിൽ കേശദാനത്തെ കാണുകയാണ്. ഒറപ്പടി കലാകൂട്ടായ്മ കഴിഞ്ഞ ഫെബ്രുവരി മുതലാണ് 'സ്നേഹകേശം' എന്ന പേരിൽ മുടി ശേഖരിച്ച് രോഗികൾക്ക് വിഗ്ഗ് നിർമിച്ചു നൽകുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു ട്രസ്റ്റ് മുഖേനയാണ് വിഗ്ഗാക്കി മാറ്റി അർബുദ രോഗികൾക്ക് സാന്ത്വനമേകുന്നത്. 40ലധികം സ്ത്രീകൾക്കാണ് ഇത്തരത്തിൽ വിഗ്ഗ് നൽകിയതെന്നും കലാകൂട്ടായ്മ ഭാരവാഹികളായ കെ.വി. സിന്ധു, മോഹൻ കാരക്കീൽ, ജിജു ഒറപ്പടി, അജേഷ് ക്യൂബൻസ്, നിധീഷ് കയരളം എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.