കൈത്തറി യൂനിഫോം: ഒരുക്കങ്ങൾ വിലയിരുത്തി; ജില്ലയിൽനിന്ന് 5.7 ലക്ഷം മീറ്റർ തുണി നെയ്യും

കണ്ണൂർ: ജില്ലയിൽനിന്ന് അടുത്ത അധ്യയനവർഷത്തേക്ക് 3,55,510 ഷർട്ടിങ്സും 2,14,830 മീറ്റർ സ്യൂട്ടിങ്സും ഉൾപ്പെടെ 5,70,340 മീറ്റർ യൂനിഫോം തുണി നെയ്തുനൽകും. ഇതിൽ ആഗസ്റ്റ് അവസാനംവരെ 4,50,938 മീറ്റർ തുണികൾ നെയ്തുകഴിഞ്ഞു. വ്യവസായ വകുപ്പ് സ്പെഷൽ സെക്രട്ടറി സഞ്ജയ് കൗളി​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന അവലോകനയോഗം ഇതുസംബന്ധിച്ച് കാര്യങ്ങൾ വിലയിരുത്തി. വിദ്യാർഥികൾക്ക് മികച്ച യൂനിഫോം സൗജന്യമായി നൽകുന്നതോടൊപ്പം കൈത്തറിമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ 823 തറികളിൽനിന്നാണ് ഇതിനാവശ്യമായ തുണികൾ നെയ്യുന്നത്. ഇതിനു പുറേമ ഹാൻവീവ് ജില്ലയിൽ 3,75,000 മീറ്റർ തുണി നെയ്തുനൽകും. കൈത്തറി യൂനിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലയിലുള്ള പ്രശ്നങ്ങൾ യോഗം ചർച്ചചെയ്തു. സൊസൈറ്റികളിൽ ഉൽപാദിപ്പിക്കുന്ന തുണികളുടെ ഗുണനിലവാര പരിശോധനാ റിപ്പോർട്ട് വൈകുന്നത് കാരണം നെയ്ത്തുകാരുടെ കൂലി വൈകുന്ന സാഹചര്യമുണ്ടാവരുതെന്ന് സഞ്ജയ് കൗൾ നിർദേശം നൽകി. നിലവിൽ യൂനിഫോം നെയ്യുന്ന തൊഴിലാളികൾക്ക് സംഘത്തിലെ മറ്റു തൊഴിലാളികളെപ്പോലെ യഥാസമയം കൂലി ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് കൈത്തറി അസോസിയേഷൻ കണ്ണൂർ ജില്ല സെക്രട്ടറി കെ.വി. സന്തോഷ് കുമാർ പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോൾ കൂലി ലഭിക്കുന്നതിന് സംവിധാനമുണ്ടാകണം. ഉൽപാദിപ്പിക്കേണ്ട തുണിയുടെ അളവിന് ആനുപാതികമായ കൂലി മുൻകൂറായി ജില്ല വ്യവസായകേന്ദ്രത്തിന് നൽകിയാൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 2009ലെ മിനിമം കൂലിയെ അടിസ്ഥാനമാക്കിയാണ് സ്കൂൾ യൂനിഫോം നെയ്യുന്നതിന് നിലവിലെ കൂലി. എന്നാൽ, പിന്നീടുണ്ടായ പരിഷ്കരണങ്ങളിലൂടെ മറ്റുള്ള നെയ്ത്തുകാർക്ക് ഉയർന്നകൂലി നൽകിവരുന്നുണ്ട്. ഇതിന് ആനുപാതികമായ വർധന യൂനിഫോം തുണി നെയ്യുന്നവർക്ക് ലഭ്യമാക്കാൻ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായകേന്ദ്രം മാനേജർ കെ.ടി. അബ്ദുൽ മജീദ്, കോഴിക്കോട് ജില്ല വ്യവസായകേന്ദ്രം മാനേജർ സൈമൺ സക്കരിയ, കാസർകോട് ജില്ല മാനേജർ എം.പി. അബ്ദുൽ റഷീദ്, നാഷനൽ ഹാൻഡ്ലൂം ഡെവലപ്മ​െൻറ് കോർപറേഷൻ സീനിയർ മാർക്കറ്റിങ് മാനേജർ അരുൺ ബാരപെത്ര, കൈത്തറിസംഘം പ്രതിനിധികളായ കെ. അനിൽകുമാർ, ടി.കെ. ബാലൻ, ടി.വി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.