എൻജിൻ തകരാർ; കോയമ്പത്തൂർ--ജബൽപുർ സ്പെഷൽ ട്രെയിൻ അഞ്ചു മണിക്കൂർ നിർത്തിയിട്ടു കാസർകോട്: എൻജിൻ തകരാറുകാരണം കോയമ്പത്തൂർ--ജബൽപുർ സ്പെഷൽ ട്രെയിൻ കാഞ്ഞങ്ങാട് റെയിൽേവ സ്റ്റേഷന് സമീപം അഞ്ചു മണിക്കൂറോളം നിർത്തിയിട്ടു. ചൊവ്വാഴ്ച പുലർച്ചെ 1.36നാണ് സംഭവം. കോയമ്പത്തൂരിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് ഏഴിന് പുറപ്പെട്ട 02197 കോയമ്പത്തൂർ-ജബൽപുർ സ്പെഷൽ ട്രെയിൻ ചൊവ്വാഴ്ച പുലർച്ചെ 1.32നാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കാഞ്ഞങ്ങാട് വിട്ടശേഷം നാലു മിനിറ്റുകൾക്കകം എൻജിൻ തകരാറിലാവുകയായിരുന്നു. പിന്നീട് മംഗളൂരു ജങ്ഷനിൽനിന്ന് എൻജിൻ എത്തിച്ചശേഷമാണ് സർവിസ് പുനരാരംഭിച്ചത്. അപ്പോഴേക്കും അഞ്ചു മണിക്കൂറോളം വൈകിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 1.50ന് കാസർകോട്ട് എത്തേണ്ട ട്രെയിൻ രാവിലെ ഏഴിനാണ് എത്തിയത്. 2.18ഒാടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയ 19577 തിരുനെൽവേലി--ഹാപ്പ ട്രെയിനും ഒരു മണിക്കൂറോളം ഇവിടെ പിടിച്ചിട്ടു. ഒരു മണിക്കൂർ വൈകി 3.15ഒാടെ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെയാണ് ഇൗ വണ്ടി എതിർദിശയിലേക്ക് കടത്തിവിട്ടത്. ചൊവ്വാഴ്ച രാവിലെവരെ ഇരുഭാഗത്തേക്കുമുള്ള മറ്റു ട്രെയിനുകളും ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ഏക ട്രാക്കിലൂടെയാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച കോയമ്പത്തൂരിൽനിന്ന് ജബൽപുരിലേക്കും ഞായറാഴ്ചകളിൽ തിരിച്ചുമാണ് കോയമ്പത്തൂർ--ജബൽപുർ സ്പെഷൽ ട്രെയിൻ സർവിസ് നടത്തുന്നത്. ജനവാസമില്ലാത്ത സ്ഥലത്ത് അസമയത്ത് ട്രെയിൻ മണിക്കൂറുകളോളം നിന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. കുടിവെള്ളം വാങ്ങാൻപോലും സൗകര്യമില്ലാത്തയിടത്താണ് അഞ്ചു മണിക്കൂേറാളം ട്രെയിൻ നിന്നത്. ഷൊർണൂർ--മംഗളൂരു റൂട്ടിൽ ഇപ്പോഴും കാലപ്പഴക്കംചെന്ന ഡീസൽ എൻജിനിൽതന്നെയാണ് മിക്ക ട്രെയിനുകളും സർവിസ് നടത്തുന്നത്. റെയിൽവേ വൈദ്യുതീകരണജോലികൾ പൂർത്തിയായെങ്കിലും ഉപ്പള റെയിൽവേ സബ്സ്റ്റേഷൻ കമീഷൻ ചെയ്യാത്തതിനാൽ നാലു ട്രെയിനുകൾ മാത്രമാണ് ഇപ്പോൾ ഇലക്ട്രിക് എൻജിനിൽ സർവിസ് നടത്തുന്നത്. പഴക്കംചെന്ന എൻജിൻ ഉപയോഗിക്കുന്നത് കൊണ്ടുതന്നെ എൻജിൻ തകരാറുകളും പതിവാണ്. എൻജിൻ തകരാറിലായതിനെ തുടർന്ന് ചെന്നൈ മെയിൽ ദിവസങ്ങൾക്കുമുമ്പ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.