ബദിയടുക്ക: ലൈഫ് പദ്ധതി സംബന്ധിച്ച അപാകതകൾ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയാകുന്നു. കുമ്പള ഏരിയയിലെ നീർച്ചാൽ, ബദിയടുക്ക, എൻമകജെ, കാട്ടുക്കുക്കെ ലോക്കൽ കമ്മിറ്റികളുടെ പരിധിയിലെ ബ്രാഞ്ച് സമ്മേളനങ്ങളിലാണ് പദ്ധതി ചർച്ചയായത്. പദ്ധതിവ്യവസ്ഥകളിലെ അപാകതകൾ ഉയർത്തിക്കാട്ടിയാണ് പാർട്ടി അംഗങ്ങൾ വിമർശനമുന്നയിച്ചത്. ഒരുവീട്ടിൽ താമസിക്കുന്ന മുഴുവനാളുകളെയും ഒരുകുടുംബമായി മാത്രമേ കണക്കാക്കാനാവുകയുള്ളൂവെന്നാണ് പദ്ധതിയുടെ രണ്ടാംകരട് പട്ടികയിൽ പറയുന്നത്. 25 സെൻറിൽ കുറവ് ഭൂമിയും സ്വന്തമായി റേഷൻ കാർഡും ഉള്ളവർക്ക് മാത്രമേ പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ളൂവെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തവരുടെ രണ്ടാംഘട്ട കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അർഹതപ്പെട്ട പല കുടുംബങ്ങളും തഴയപ്പെട്ടുവെന്നാണ് പരാതി. ജീവിതപ്രയാസംകാരണം നാലു കുടുംബങ്ങൾവരെ ഒരുമിച്ചുതാമസിക്കുന്ന വീടുകൾ മേഖലയിലുണ്ട്. ഇതിൽ മിക്കവീട്ടുകാർക്കും മുഴുവൻ അംഗങ്ങളും ഉൾപ്പെട്ട ഒറ്റ റേഷൻകാർഡ് മാത്രമാണുള്ളത്. നിർധനരായ ഇത്തരക്കാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്ന അഭിപ്രായമാണ് പാർട്ടി പ്രവർത്തകരിൽ നല്ലൊരുവിഭാഗവും സമ്മേളനങ്ങളിൽ ഉന്നയിച്ചത്. ചർച്ചകളിൽ സജീവമായി പെങ്കടുക്കാത്ത അംഗങ്ങൾപോലും വിഷയത്തിൽ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കുമ്പഡാജെ ലോക്കൽ കമ്മിറ്റിയുടെ കീഴിലെ ബ്രാഞ്ചുകളിൽ പാർട്ടി അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്ത് പദ്ധതി കുറ്റമറ്റരീതിയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമേയാവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.