രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: കാലംതെറ്റി തിമിർക്കുന്ന മഴ നെൽകൃഷിക്കാർക്ക് സമ്മാനിക്കുന്നത് കണ്ണീർപാടം. കൊയ്ത്തിനു പാകമായിവരുന്ന നെൽക്കതിരുകൾ വെള്ളത്തിൽ നശിക്കുന്നതാണ് കർഷകർക്ക് ദുരിതമാവുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നൂറുകണക്കിന് ഹെക്ടർ നെൽവയലുകളാണ് വെള്ളത്തിലായത്. നെൽക്കതിരുകൾ വെള്ളത്തിൽ മുളക്കുകയാണ് വയലിൽതന്നെ. മിക്കയിടത്തും കൊയ്ത്തിന് പാകമായ നെൽച്ചെടികളാണ് വെള്ളത്തിൽ നശിക്കുന്നത്. സംസ്ഥാനത്ത് ഒന്നാംവിള നെൽകൃഷിയാണ് ഏറ്റവും കൂടുതലായി ചെയ്തുവരുന്നത്. ഈ വിളയാണ് കാലംതെറ്റിയെത്തിയ കാലവർഷം നഷ്ടത്തിലാക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാറിെൻറയും സഹായത്തോടെ ഈവർഷം കണ്ണൂർ, കാസർകോട് ജില്ലകളിൽ 5120 ഹെക്ടറിൽ ഒന്നാം വിളയിറക്കിയതായാണ് കൃഷിവകുപ്പിെൻറ കണക്കുകളിലുള്ളത്. കണ്ണൂർ ജില്ലയിൽ 2920 ഹെക്ടറിലും കാസർകോട്ട് 2300 ഹെക്ടറിലുമാണ് കൃഷിയിറക്കിയത്. ഈ കൃഷിയാണ് നശിക്കുന്നത്. സാധാരണ ചിങ്ങം, കന്നി മാസങ്ങളിൽ കനത്ത മഴ പതിവില്ല. കാലവർഷം കർക്കടകത്തോടെ അവസാനിക്കും. ഇതോടെ കതിരിടുന്ന നെല്ല് കന്നിയിൽ കൊയ്തെടുക്കുകയാണ് പതിവ്. ഇതിനുശേഷം തുലാവർഷം പെയ്തുതുടങ്ങും. എന്നാൽ, ഇക്കുറി ജൂണിൽ ആരംഭിച്ച മഴക്ക് ഓണക്കാലത്ത് ചെറിയ ഇടവേള മാത്രമാണുണ്ടായത്. കൊയ്ത്തുകാലമാവുമ്പോഴേക്കും അത് അതിവർഷമായി പരിണമിക്കുകയുംചെയ്തു. 2013ൽ കണ്ണൂർ ജില്ലയിൽ 8186 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. 4491 ഹെക്ടർ ഒന്നാം വിളയും 3428 ഹെക്ടർ രണ്ടാം വിളയും 250ഓളം ഹെക്ടറിൽ മൂന്നാം വിളയുമുണ്ടായിരുന്നു. മൂന്നാംവിള ഇപ്പോൾ പൂർണമായും ഇല്ലാതായി. മറ്റ് രണ്ട് വിളകൾ പകുതിയായി ചുരുങ്ങി. കണ്ണൂർ ജില്ലയിൽ മയ്യിൽ, കുറ്റ്യാട്ടൂർ, പട്ടുവം, ഏഴോം, കാങ്കോൽ, - ആലപ്പടമ്പ്, കരിവെള്ളൂർ,- പെരളം, കുറുമാത്തൂർ, ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ പഴയ നെല്ലറകളിലെല്ലാം ഇക്കുറി കൃഷി തിരിച്ചെത്തിയിരുന്നു. മയ്യിലിൽ കൃഷിമന്ത്രി നേരിട്ടെത്തി നാട്ടി നടുകയുംചെയ്തു. ഈ പുതിയ ഉണർവാണ് കാലവർഷം തകർത്തെറിഞ്ഞത്. നഷ്ടവും തൊഴിലാളികളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് കൃഷിക്കാർ നെൽവയലുകൾ തരിശിടുന്നത്. ക്രമേണ തരിശിട്ട വയലുകൾ നികത്തി നാണ്യവിളക്ക് വഴിമാറുന്നു. മിക്ക വയലുകളിലും തെങ്ങും കവുങ്ങും റബറും അധിനിവേശം നടത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന വയലുകളിലാണ് നെൽകൃഷി പേരിനെങ്കിലുംചെയ്യുന്നത്. ഒരേക്കറിൽ കൃഷിയിറക്കാൻ ചുരുങ്ങിയത് 25,000ത്തോളം രൂപ ചെലവുവരുന്നതായും ഇതിെൻറ നാലിലൊന്നുപോലും തിരിച്ചു ലഭിക്കില്ലെന്നും കൃഷിക്കാർ പറയുന്നു. തൊഴിലുറപ്പുപദ്ധതിയിൽ മിക്കയിടത്തും നെൽകൃഷി ഉൾപ്പെടുത്തിയിട്ടില്ല. പറിച്ചുനടാനും കൊയ്ത്തിനും തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്തിയാൽ ഒരു പരിധിവരെ നെൽകൃഷി ലാഭകരമാക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പ്രദേശങ്ങളിലേക്ക് യന്ത്രവത്കരണം വ്യാപിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കാലവർഷവും കാട്ടുമൃഗങ്ങളുംമൂലം കൃഷി നശിച്ചാൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കൃഷിക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.