'ഉൗരിലൊരു ദിനം' ഇൗ വർഷം അഞ്ചു കേന്ദ്രങ്ങളിൽ കൂടി നടത്താൻ കുടുംബശ്രീ

കണ്ണൂർ: കുടുംബശ്രീ ജില്ല മിഷൻ ജില്ലയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന 'ഊരിലൊരു ദിനം' പരിപാടി ഇൗ വർഷം അഞ്ചു കേന്ദ്രങ്ങളിൽ കൂടി നടത്തും. കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിലാണ് ആദിവാസി ക്ഷേമത്തിനും വികസനത്തിനും വേറിട്ടൊരു വഴി തെളിയിക്കുന്ന പരിപാടി നടത്തുന്നത്. ആറളം ഗ്രാമപഞ്ചായത്തിലെ ചതിരൂർ 110 പട്ടികവർഗ കോളനിയിലായിരുന്നു ആദ്യ പരിപാടി. 32 വീടുകളിലായി 250ഓളം പണിയ വിഭാഗത്തിൽപ്പെട്ട പട്ടികവർഗ വിഭാഗക്കാരാണ് ഇവിടെ താമസിച്ചുവരുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് കോളനിയിലെ മുഴുവൻ പട്ടികവർഗ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്. ആദ്യഘട്ടം പ്രധാന പ്രശ്നങ്ങൾ കണ്ടെത്തലും പരിഹാര മാർഗങ്ങൾ നിർദേശിക്കലും, രണ്ടാം ഘട്ടത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തലും എന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം. ഏപ്രിൽ 25നായിരുന്നു ഊരിലെ ആദ്യ കൂടിയിരിപ്പ്. ഊരു നിവാസികളോടൊപ്പം 18 വകുപ്പുകളെ പ്രതിനിധാനംചെയ്ത് ജില്ല, താലൂക്ക്, ഗ്രാമ പഞ്ചായത്ത് തല ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ ഉന്നയിക്കപ്പെട്ടതും കുടുംബശ്രീ ജില്ല മിഷൻ ടീം മുൻകൂട്ടി ഊരുനിവാസികളെ സംഘടിപ്പിച്ച് നടത്തിയ ഫോക്കസ് ഗ്രൂപ് ചർച്ചയിലൂടെ തിരിച്ചറിഞ്ഞതുമായ പ്രശ്നങ്ങളും ആവശ്യങ്ങളും എഴുതിത്തയാറാക്കി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വന്തം നിലയിൽ പരിഹരിക്കാൻ കഴിയാത്തവ ഉടനടി കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കുകയെന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. നവംബർ 15നകം കോളനിയിലെ എല്ലാവർക്കും ആധാർ, ബാങ്ക് അക്കൗണ്ട്, ജനന സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കാനുള്ള നടപടി പൂർത്തിയാക്കും. ആദ്യ അദാലത്തി​െൻറ തീരുമാനപ്രകാരം ഊരിൽ ഒരു കുടുംബശ്രീ അയൽക്കൂട്ടവും കുട്ടികൾക്കായി കുടുംബശ്രീ ബാലസഭയും മേയ് മുതൽ പ്രവർത്തിച്ചുവരുന്നുണ്ട്. വീട് വൈദ്യുതീകരണം, കുടുംബങ്ങളുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തൽ, ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ പ്രത്യേകം റേഷൻ കാർഡുകൾ ലഭ്യമാക്കൽ, മുതിർന്നവരിലെ സാക്ഷരത പ്രവർത്തനം, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും, ഉപജീവനോപാധികൾ ലഭ്യമാക്കൽ തുടങ്ങിയവയാണ് ഇനിയും തീർപ്പുകൽപിക്കേണ്ട അടിസ്ഥാന പ്രശ്നങ്ങൾ. ഇവയെല്ലാം സമയബന്ധിതമായി ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്ടർ നേരിട്ട് നിർദേശം നൽകി. ഇവയുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ നവംബർ അവസാനവാരം രണ്ടാമതൊരു അവലോകന യോഗം ഊരിൽ ചേരാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.