അസഹിഷ്ണുതയുടെ വെടിയൊച്ചകൾക്കെതിരെ നാടകപ്രതിഷേധം

അസഹിഷ്ണുതയുടെ വെടിയൊച്ചകൾക്കെതിരെ നാടകപ്രതിഷേധം പയ്യന്നൂർ: 69 വർഷം മുമ്പ് മഹാത്മജിയുടെ നെഞ്ചിലേക്കു വെടിയുതിർത്ത തോക്ക് ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നതിനെതിരെ നാടകപ്രതിഷേധം. വെള്ളൂർ സെൻട്രൽ ആർട്സാണ് പ്രതിരോധത്തി​െൻറ നാടകഭാഷയിലൂടെ ഗൗരി ലങ്കേഷി​െൻറ കൊലക്കെതിരെ പ്രതിഷേധിച്ചത്. പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിലാണ് 'വെടിയൊച്ചകൾ' തെരുവുനാടകം അരങ്ങേറിയത്. കാണികളിൽ പ്രതിഷേധത്തി​െൻറ ജ്വാലകൾ തീർത്ത നാടകം വർത്തമാന ഇന്ത്യയുടെ മുഖമാണ് അനാവരണംചെയ്തത്. ഒരു മത്സ്യവിൽപനക്കാരനെതിരെ കൊലവിളിയുമായി ഏതാനും പേർ ഓടിയപ്പോൾ ബസ്സ്റ്റാൻഡിലുള്ളവർ അത് ആദ്യം നാടകമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നാട്ടുകാർ കൂടിയതോടെ കലാപത്തിന് നാടകഭാഷ കൈവന്നു. ശങ്കരൻ എന്നയാളുടെ ചായക്കടയിലാണ് അസഹിഷ്ണുതയുടെ വിത്തുമുളപ്പിച്ച് രാജ്യത്തി​െൻറ സാംസ്കാരികമുഖം കവർന്നെടുക്കുന്ന ദുരന്തകഥ വികസിപ്പിക്കുന്നത്. സൗഹൃദത്തി​െൻറ നന്മ കവർന്നെടുക്കുന്ന വർഗീയശക്തികളെ പ്രതിരോധിക്കാൻ ആഹ്വാനംചെയ്യുന്ന നാടകം പുതിയ പ്രതിരോധത്തിനുള്ള ആയുധം തീർക്കാൻ സമൂഹത്തെ ഓർമിപ്പിക്കുന്നു. നരേന്ദ്ര ദാബോൽക്കറും ഗോവിന്ദ് പൻസാരെയും കൽബുർഗിയുമൊക്കെ കടന്നുവരുന്ന പ്രമേയത്തിനൊടുവിലാണ് ഗൗരി ലങ്കേഷി​െൻറ നേരെയുള്ള വെടിയൊച്ച സൃഷ്ടിച്ച ദുരന്തം ഓർമിപ്പിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ചുവീഴ്ത്തിയ തോക്ക് മതേതരത്വത്തിനാണ് ആദ്യം പരിക്കേൽപിച്ചതെങ്കിൽ അത് ഗൗരിയിലെത്തുമ്പോൾ സാംസ്കാരികമുഖമാണ് വികൃതമാക്കുന്നതെന്ന് നാടകം ഓർമിപ്പിക്കുന്നു. സംവാദത്തി​െൻറയും സർഗാത്മകതയുടെയും പ്രതിഷേധത്തി​െൻറയും നാവുകൾ അരിഞ്ഞുതള്ളുന്നവർ രാജ്യത്തിനുതന്നെ തീകൊളുത്തുകയാണെന്ന് നാടകപ്രവർത്തകർ പറയുന്നു. ഒരുദിവസംകൊണ്ടാണ് നാടകം അരങ്ങിലെത്തിച്ചത്. കെ.വി. ലക്ഷ്മണനാണ് രചന. അനിൽ നടക്കാവ് സംവിധാനം നിർവഹിച്ചു. നാടകത്തിനു മുമ്പ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിൻ, മാധ്യമ പ്രവർത്തകനായ രാഘവൻ കടന്നപ്പള്ളി, ചലച്ചിത്ര- നാടക പ്രവർത്തകരായ പി.ടി. മനോജ്, ശിവകുമാർ കാങ്കോൽ, പി. സുരേശൻ എന്നിവർ ആമുഖഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.