മാക്കൂട്ടം ^ചുരം റോഡിൽ അപകടപരമ്പര; ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

മാക്കൂട്ടം -ചുരം റോഡിൽ അപകടപരമ്പര; ഇരുപത്തഞ്ചോളം പേർക്ക് പരിക്ക് ഇരിട്ടി: ഇരിട്ടി- -വീരാജ്പേട്ട അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം -ചുരം റോഡിൽ നാലു സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റു. മാക്കൂട്ടത്തിനും പെരുമ്പാടിക്കും ഇടയിൽ 10 കിലോമീറ്ററിനുള്ളിലാണ് എല്ലാ അപകടങ്ങളും നടന്നത്. ഓണം --ബക്രീദ് അവധി ആഘോഷിക്കാൻ വിനോദസഞ്ചാരികളായി വീരാജ്പേട്ട ഭാഗങ്ങളിലേക്ക് പോയവരാണ് വിവിധ സ്ഥലങ്ങളിലായി അപകടത്തിൽപെട്ടത്. എല്ലാ അപകടങ്ങളും ചൊവ്വാഴ്ച രാത്രി 10ന് ശേഷമാണ് നടന്നത്. ബുധനാഴ്ച പുലർച്ചെ ഇരുപതോളം യാത്രക്കാരുമായി വരുകയായിരുന്ന ട്രാവലർ നിയന്ത്രണംവിട്ട് ചുരത്തിൽ 15 അടിയോളം താഴ്ചയിൽ മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. കണ്ണൂരിൽനിന്ന് മടിക്കേരിയിൽ പോയി തിരിച്ചുവരുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടത്. കണ്ണൂരിലെ മുഹമ്മദ് മൻസിലിൽ കമാൽ (50), ഫിസ മൻസിലിൽ സലാം (42), മുഹമ്മദ് മൻസിലിൽ മുഹസീറ (22), മുഹസീറയുടെ ഒരുവയസ്സുള്ള മകൾ, രഹാന (30), തൻസീറ (28), അൻവർ (35), ഫയാസ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലേയും ഇരിട്ടിയിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമിക ചികിത്സ നൽകി വിട്ടയച്ചു. തലകീഴായി മറിഞ്ഞ ട്രാവലറിൽനിന്ന് ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പെരുമ്പാടിക്ക് സമീപത്തെ ഹനുമാൻ സ്വാമി ക്ഷേത്രത്തിനടുത്താണ് മറ്റ് മൂന്ന് അപകടങ്ങളും നടന്നത്. കാറുകൾ തമ്മിൽ കൂട്ടിമുട്ടി 10 പേർക്ക് പരിക്കേറ്റു. ചുരം റോഡിലെ വളവിൽവെച്ച് എതിർദിശയിൽ വരുകയായിരുന്ന കാറുകളാണ് അപകടത്തിൽപെട്ടത്. ഇരുകാറി​െൻറയും മുൻഭാഗം പൂർണമായും തകർന്നു. ഇരുകാറിലുമുണ്ടായിരുന്ന വലിയന്നൂരിലെ സുനിൽകുമാർ (46), പെരളശ്ശേരിയിലെ ബൈജു (40), മാലൂർ സ്വദേശികളായ ദേവദാസ് (49), സലീം (59), മോഹനൻ (45), അഹമ്മദ് (59), വിനോദ് (48), രാജു (57), തലശ്ശേരി സ്വദേശി അഷ്റഫ് (40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരിട്ടി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽനിന്ന് കണ്ണൂരിലേക്ക് പച്ചക്കറി കയറ്റി വരുകയായിരുന്ന വാൻ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. വാനിൽ ൈഡ്രവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് വാൻ കുഴിയിൽനിന്ന് കയറ്റിയത്. പെരുമ്പാടി തടാകത്തിന് സമീപം ട്രാവലർ കാറിലിടിച്ച് കാറി​െൻറ മുൻഭാഗം പൂർണമായും തകർന്നു. പാനൂർ സ്വദേശികൾ വീരാജ്പേട്ടയിലെ കുടുംബവീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീതികുറഞ്ഞ ചുരം റോഡിലെ അശ്രദ്ധയോടെയുള്ള ൈഡ്രവിങ്ങും അമിത വേഗതയുമാണ് അപകടത്തിനിടയാക്കുന്നത്. ഓണം അവധിയായതിനാൽ ചുരം റോഡിലൂടെ വൻതോതിലാണ് സഞ്ചാരികൾ കർണാടകയിലേക്ക് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.