കേളകം: ജനങ്ങളുടെ ഏറെനാളത്തെ മുറവിളിക്കൊടുവിൽ പേരാവൂരിലെ മുള്ളേരിക്കലിൽ 2008ൽ അനുവദിച്ച ഫയർസ്റ്റേഷൻ പരാധീനതകളുടെ നടുവിൽ. ഫയർസ്റ്റേഷൻ അനുവദിച്ചെങ്കിലും സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് പഞ്ചായത്തിൽ സ്ഥലം ലഭ്യമല്ലാതിരുന്നതോടെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച് ഒമ്പതുവർഷം പിന്നിടുമ്പോഴും ഇതേ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ് അഗ്നിശമനസേന. ഫയർസ്റ്റേഷൻ ആരംഭിച്ചഘട്ടത്തിൽ ഉദ്യോഗസ്ഥർ കുറവായിരുന്നതിനാൽ സ്ഥലപരിമിതിയോ അസൗകര്യങ്ങളോ അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ ഉദ്യോഗസ്ഥരുടെ എണ്ണം 32 ആയും ഫയർ എൻജിനടക്കം ആധുനികസൗകര്യങ്ങളും വർധിച്ചു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ഫയർസ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനോ വിശ്രമിക്കുന്നതിനോ ആവശ്യമായ സൗകര്യമില്ല. ഇതോടെ ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന ജീവനക്കാർക്ക് ഇവിടത്തെ ജീവിതവും ജോലിയും ദുരിതമാവുകയാണ്. പേരാവൂർ പഞ്ചായത്തിന് സ്ഥലം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളിൽ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അതും ഫലം കണ്ടില്ല. പേരാവൂർ മേഖലക്ക് ആകെയുണ്ടായിരുന്ന ഏക ആംബുലൻസും കട്ടപ്പുറത്തായിട്ട് വർഷങ്ങളായി. രണ്ടുവർഷം മുമ്പ് കൊട്ടിയൂരിൽ അപകടത്തിൽപെട്ട ആളുകളെ രക്ഷിക്കാൻ പോകുന്നതിനിടയിൽ നിയന്ത്രണംവിട്ട് ആംബുലൻസും അപകടത്തിൽപെട്ടിരുന്നു. ആംബുലൻസ് അറ്റകുറ്റപ്പണി ചെയ്യുന്നതിൽ ആവശ്യമായ രേഖകൾസഹിതം ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പേരാവൂർ താലൂക്ക് ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ് ഇല്ലാത്ത സാഹചര്യത്തിൽ ഫയർഫോഴ്സിെൻറ ആംബുലൻസ് സർവിസ് ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. സ്വന്തമായി കെട്ടിടം ഇനിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലെ അഗ്നിശമനസേന പ്രവർത്തകരും നാട്ടുകാരും. ആംബുലൻസ് സർവിസ് പുനരാരംഭിക്കുന്നതിനും ഉന്നത ഇടപെടൽ ആവശ്യമാണ്. എന്നാൽ, കഴിഞ്ഞദിവസം പേരാവൂരിന് അനുവദിച്ച മിനി ഫയർ എൻജിൻ കോഴിക്കോട് ജില്ലയിലേക്ക് മാറ്റിയതും പേരാവൂരിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.