പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരണപ്രവൃത്തി നിലച്ചിട്ട് മാസങ്ങൾ. പണി എന്ന് പൂർത്തീകരിക്കാനാകുമെന്ന് അധികൃതർക്ക് ഒരു നിശ്ചയവും ഇല്ല. പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽ സർക്കാറിൽനിന്ന് അനുവദിച്ചുകിട്ടാത്ത സാഹചര്യത്തിലാണ് നിർമാണം അന്തിമഘട്ടത്തിൽ പണി നിർത്തിവെക്കേണ്ടിവന്നതെന്ന് കരാറുകാർ പറയുന്നു. സർക്കാർ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് കൂലിയും കുടിശ്ശികയാവുകയാണ്. ആറുതവണയാണ് റോഡ് പ്രവൃത്തി പൂർത്തീകരിക്കാൻ സമയം നീട്ടിനൽകിയത്. മേൽപാലം പ്രവൃത്തി പൂർത്തിയായി വാഹനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും റോഡ് അനിശ്ചിതാവസ്ഥയിൽതന്നെ തുടരുകയാണ്. റോഡ് നവീകരണം പൂർത്തിയാകാൻ വൈകുന്നത് കാട്ടിലെ പള്ളിക്കു സമീപം ഉൾപ്പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. എല്ലാ വാഹനങ്ങളും മേൽപാലം വഴിയാണ് കടന്നുപോകുന്നത്. ഈ ഭാഗത്തെ റോഡ് ഉയർത്തി സമീപത്തെ തോട് നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പാപ്പിനിശ്ശേരി റെയിൽവേ അടിപ്പാതയുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. കരാറുകാർ ആവശ്യപ്പെട്ടപ്രകാരമാണ് സമയപരിധി നീട്ടിനൽകിയത്. ഏറ്റവും ഒടുവിൽ നാലുമാസത്തിനകം പണി പൂർത്തിയാക്കാൻ കര്‍ശനനിർദേശം നല്‍കിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി പണിതീർക്കാൻ സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.