ശ്രീകണ്ഠപുരം: ആവിപറക്കുന്ന ചായക്കൊപ്പം ചൂടേറിയ സാഹിത്യചർച്ചയും. ഇരിക്കൂറിനും ഇരിട്ടിക്കുമിടയിൽ സംസ്ഥാനപാതയോരത്ത് പെടയങ്ങോട് എന്ന സ്ഥലത്തെ ഷുക്കൂറിെൻറ ചായക്കടയിലെ സ്പെഷൽ ഇതാണ്. ഏറക്കാലം തലച്ചുമടായി മത്സ്യവിൽപന നടത്തിയ ഷുക്കൂറിെൻറ ചിന്തയിലെ ആശയമാണ് ചായക്കട സാഹിത്യചർച്ച. മത്സ്യവിൽപന കാലത്തുതന്നെ സാഹിത്യാഭിരുചി ഏറെയുണ്ടായിരുന്നു. ചായക്കട തുടങ്ങിയതോടെ മുഴുവൻസമയവും കടയിലായി. വായനയും ചർച്ചയും ചായയും പതിവായതോടെ നാട്ടുകാർക്കും താൽപര്യംകൂടി. രണ്ടു വർഷം മുമ്പ് ജനങ്ങളെ വായനയോടടുപ്പിക്കുകയെന്ന ആശയമുദിച്ചതോടെയാണ് തെൻറ ചായക്കടയിൽ വരാന്ത ചായപ്പീടിക പുസ്തകചർച്ച തുടങ്ങിയതെന്ന് എഴുത്തുകാരൻകൂടിയായ ഷുക്കൂർ പെടയങ്ങോട് പറയുന്നു. നാട്ടിലെയും മറുനാട്ടിലെയും ആളുകൾ ചായകുടിക്കാനും സാഹിത്യം കേൾക്കാനും ഈ കടയിലെത്തുന്നത് പതിവായി. പ്രമുഖ എഴുത്തുകാരെ ഉൾപ്പെടുത്തി 20 വരാന്ത ചായപ്പീടിക ചർച്ച ഇതിനോടകം നടന്നുകഴിഞ്ഞു. വലിയ വേദിയും ഔപചാരികതയും മറന്ന് എം. മുകുന്ദനും സക്കറിയയും ബീരാൻകുട്ടിയും ഷാജികുമാറും ടി.പി. രാജീവനും കൽപറ്റ നാരായണനും ബെന്യാമിനും റഫീഖ് അഹമ്മദുമൊക്ക ഇൗ ചായക്കടയിൽ ചർച്ചക്കായെത്തി. എൻ. പ്രഭാകരനായിരുന്നു ആദ്യം ഷുക്കൂറിെൻറ ചായക്കടയിൽ ചർച്ചക്കെത്തിയത്. ജയമോഹനെൻറ നൂറ് സിംഹാസനങ്ങൾ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവിെൻറ കഥകൾ, ബീരാൻകുട്ടിയുടെ മിണ്ടാപ്രാണി, പി.വി. ഷാജികുമാറിെൻറ കിടപ്പറസമരം, അഭിൻ ജോസഫിെൻറ കല്യാശ്ശേരി തിസീസ്, പി.പി. രാമചന്ദ്രെൻറ കവിതകൾ, എം. മുകുന്ദെൻറ കുട നന്നാക്കുന്ന ചോയി, പി.എസ്. മാത്യൂസിെൻറ ഇരുട്ടിൽ ഒരു പുണ്യാളൻ, ടി.പി. രാജീവെൻറ ദീർഘകാലം, ബെന്യാമിെൻറ 20 നസ്രാണിവർഷങ്ങൾ, വി.ജെ. െജയിംസിെൻറ ചോരശാസ്ത്രം, സക്കറിയയുടെ തേൻ, റഫീക്ക് അഹമ്മദിെൻറ അഴുക്കില്ലം... തുടങ്ങി നോവലും കഥയും കവിതയുമെല്ലാം ഷുക്കൂറിെൻറ ചായക്കടയിലെ വരാന്തയിൽ ചർച്ച ചെയ്തു. വായനയുമായി ബന്ധമില്ലാതെ ചായ കുടിച്ചുപോയവരടക്കം ഇന്ന് വായിക്കാനും സാഹിത്യചർച്ചയിൽ പങ്കുചേരാനും ഷുക്കൂറിെൻറ ചായക്കടയിലെത്തുന്നുണ്ട്. ആഴങ്ങളിലെ ജീവിതം, നിലവിളികളുടെ ഭാഷ, മഴക്കുള്ളൻ, ഒമ്പത് പെണ്ണുങ്ങൾ എന്നീ കവിതസമാഹാരങ്ങളും വരാന്ത എന്ന നോവലും ഷുക്കൂർ പെടയങ്ങോട് എഴുതിയിട്ടുണ്ട്. ഇതിൽ ആഴങ്ങളിലെ ജീവിതം കെ. ജയന്തി തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു. ആരോടും പണപ്പിരിവുപോലും നടത്താതെ സ്വന്തം ചായക്കടയിൽ ചായക്കൊപ്പം സാഹിത്യചർച്ചയൊരുക്കിയെന്നതാണ് ഷുക്കൂറിനെ വേറിട്ടതാക്കുന്നത്. എഴുത്തുകാരുടെ ഫോൺ നമ്പർ പുസ്തകങ്ങളിൽനിന്നും മറ്റും സംഘടിപ്പിച്ച് നേരിട്ട് വിളിച്ചാണ് ചായക്കട ചർച്ചയിൽ പങ്കെടുപ്പിക്കുന്നതെന്നും വിളിച്ച എഴുത്തുകാർ എല്ലാവരും മടികൂടാതെ ഇവിടെയെത്തിയെന്നും ഷുക്കൂർ പെടയങ്ങോട് പറയുന്നു. ഭാര്യ ആയിഷയുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. മക്കൾ: -സാബിർ, ഷംസീറ, ഇഖ്ബാൽ, ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.