നഗരത്തിൽ ഭക്ഷണപ്പൊതിയുമായി തിരുവോണ നാളിൽ നഗരസഭ ചെയർമാൻ

പയ്യന്നൂർ: പയ്യന്നൂർ നഗരത്തിൽ തിരുവോണ നാളിൽ വിശന്നുവലഞ്ഞവർക്ക് ഭക്ഷണപ്പൊതിയുമായി ജനപ്രതിനിധികൾ. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ഉപാധ്യക്ഷ കെ.പി. ജ്യോതി, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് തിരുവോണ നാളിൽ ഭക്ഷണപ്പൊതിയുമായി നഗരത്തിലെത്തിയത്. അവധിയായതിനാൽ ഹോട്ടലുകൾ ഒന്നും തുറക്കാത്തതിനാൽ നഗരസഭയുടെ ഓണസദ്യ അഗതികൾക്ക് മാത്രമല്ല നഗരത്തിലെത്തിയ എല്ലാവർക്കും ആശ്വാസമായി. നാനൂറിലധികം പേരാണ് നഗരസഭയുടെ കനിവിൽ ഓണനാളിൽ വിശപ്പടക്കിയത്. നഗരസഭ നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതി രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ദിനമാണ് തിരുവോണ നാൾ. 2016ലെ ഓണ ദിവസം തുടക്കംകുറിച്ച് ഒക്ടോബർ ഒന്നുമുതൽ മുടങ്ങാതെ പയ്യന്നൂർ നഗരത്തിൽ ആവശ്യമുള്ളവർക്കൊക്കെ ഈ പദ്ധതിയിലൂടെ ഉച്ചഭക്ഷണം നൽകാൻ സാധിച്ചു. കൈരളി, ബോംബെ ഹോട്ടലുകൾ, നഗരസഭ ഓഫിസിലെ കുടുംബശ്രീ കാൻറീൻ എന്നിവിടങ്ങളിലൂടെ ആവശ്യപ്പെട്ടവർക്കെല്ലാം മുടങ്ങാതെ ഭക്ഷണം നൽകി. ഒരു വർഷത്തെ ചെലവ് പൂർണമായും പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് ആണ് വഹിച്ചത്. പയ്യന്നൂരിലെ പൊതുസമൂഹം വിശക്കുന്നവ​െൻറ കൂടെയാണെന്ന പ്രഖ്യാപനവുമായി തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി പിന്നീട് സംസ്ഥാനത്തെ പല നഗരസഭകൾക്കും സമാന സ്വഭാവമുള്ള പദ്ധതികൾ ആരംഭിക്കാനുള്ള പ്രചോദനമായി. തിരുവോണ ദിവസം പയ്യന്നൂർ നഗരത്തിൽ ആവശ്യമുള്ളവർക്കെല്ലാം ഭക്ഷണം നൽകാനുള്ള സംവിധാനമാണ് ഈ വർഷവും ഒരുക്കിയത്. രാവിലെ 11.30 മുതൽ ഗവ. താലൂക്ക് ആശുപത്രി, കണ്ടോത്ത് ആയുർവേദ ആശുപത്രി, പഴയ ബസ്സ്റ്റാൻഡ്, മുനിസിപ്പൽ ഓഫിസ് ജങ്ഷൻ എന്നീ കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണം നടത്തി. ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി ഏറെ ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.