പാപ്പിനിശ്ശേരി: ഫേസ്ബുക് കാമുകനെ തേടി വീടുവിട്ടിറങ്ങിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെ പൊലീസ് ഇടപെട്ട് വീട്ടുകാരെ ഏൽപിച്ചു. ബസിൽ കണ്ണൂരിലെത്തിയ പെൺകുട്ടിയെ ബസ്സ്റ്റാൻഡിനടുത്തുെവച്ച് പരിചയപ്പെട്ട കണ്ണപുരം സ്വദേശിയായ യുവതിയാണ് പന്തികേട് തോന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി അന്വേഷിച്ചാണ് പെൺകുട്ടി യുവതിയെ പരിചയപ്പെട്ടത്. എന്നാൽ, പെൺകുട്ടിയുടെ മറുപടിയിൽ സംശയംതോന്നിയ യുവതി കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീടാണ് പെൺകുട്ടി സത്യം തുറന്നുപറഞ്ഞത്. തനിക്ക് ബംഗളൂരുവിലേക്കാണ് പോകേണ്ടതെന്നും ഫേസ്ബുക് വഴി പരിചയപ്പെട്ടയാളെ കാണാനാണ് വീട് വിട്ട് ഇറങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ, യാത്രാമധ്യേ കാമുകൻ ഫേസ്ബുക് വഴി തന്നെ വേണ്ടെന്ന് അറിയിച്ചതായും പെൺകുട്ടി പറഞ്ഞു. തിരിച്ച് വീട്ടിലേക്ക് പോകാൻ പറഞ്ഞപ്പോൾ താൻ ഇനി അങ്ങോട്ട് ഇല്ലെന്നും യുവതിയുടെ വീട്ടിൽ ഒരുദിവസം തങ്ങാൻ അനുവദിക്കണമെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുമായി വീട്ടിലെത്തിയ യുവതി കണ്ണപുരം എസ്.ഐ ധനഞ്ജയദാസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയിൽനിന്ന് ഫോൺവാങ്ങി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ ഇന്നലെ രാത്രി തന്നെ സ്റ്റേഷനിലെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് വീട് വിട്ടിറങ്ങാൻ പറഞ്ഞ കാമുകൻ പ്രവാസിയാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.