മംഗളൂരു: എം.ആർ.പി.എൽ (മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്) കമ്പനിയുടെ പരിസരഗ്രാമങ്ങൾ ഗുരുതര അന്തരീക്ഷമലിനീകരണ ഭീഷണിയിലെന്ന് പരാതി. സൾഫർ പ്ലാൻറിൽനിന്ന് പുറന്തള്ളുന്ന ചാരം നിറഞ്ഞ പുകയിൽ മുങ്ങുകയാണ് കളവറു, ജോക്കട്ടെ ഗ്രാമങ്ങൾ. മൂന്ന് വർഷമായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ കമ്പനിയും സർക്കാറും ആവിഷ്കരിച്ച 27 ഏക്കറിൽ ഗ്രീൻബെൽറ്റ് ഒരുക്കാനുള്ള പദ്ധതി ജലരേഖയായി. കർണാടക വ്യവസായ വികസന ബോർഡിനെയാണ് (കെ.ഐ.എ.ഡി.ബി)ഹരിതകവചം പദ്ധതിച്ചുമതല ഏൽപിച്ചത്. സ്ഥലമെടുപ്പ് നടപടികൾ പുരോഗതിയിലാണെന്ന് ബോർഡ് അധികൃതർ അവകാശപ്പെടുന്നു. 2014ൽ പ്ലാൻറ് പ്രവർത്തനം തുടങ്ങിയമുതൽ നാട്ടുകാർ മലിനീകരണനിവാരണ ആവശ്യം ഉന്നയിക്കുന്നുണ്ട്. കിണറുകളിലെയും കുളങ്ങളിലെയും വെള്ളം മഴ മാറിയതോടെ മലിനമാവുകയാണ്. വീടുകളും സ്ഥാപനങ്ങളും പുകതട്ടി ഇരുളുന്നു. ഇത് വൃത്തിയാക്കൽ പതിവുപണിയായതായി ഗ്രാമവാസികളായ കുട്ടു പൂജാരിയും ഇസ്മയിൽ നീൽകെമാറും പറഞ്ഞു. ജോക്കട്ടെ ഗ്രാമപഞ്ചായത്ത് അംഗൻവാടിയിലെ കുരുന്നുകൾക്ക് കരിപുരണ്ട പരിചരണമാണ് ലഭിക്കുന്നത്. നിലംതൊട്ടാൽ കൈകളിൽ കരി. ചുവരിൽ ചാരിയാൽ ഉടുപ്പുകളിൽ അഴുക്ക്. ഈ പുക പ്ലാൻറിൽനിന്നല്ലെന്ന് എം.ആർ.പി.എൽ അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, മറ്റെവിടെനിന്നുമല്ലെന്ന് പഞ്ചായത്ത് അംഗം അബൂബക്കർ ബാവ പറഞ്ഞു. ചാരം വിദഗ്ധ പരിശോധനക്കയച്ചു. മലിനീകരണ നിയന്ത്രണ ബോർഡും സാമ്പിൾ പരിശോധനക്ക് അയച്ചതായി ബോർഡ് ഓഫിസർ രാജശേഖർ പൂരണിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.